Film News

രഞ്ജിത് ഇതിഹാസം, പ്രചരണങ്ങൾ അടിസ്ഥാന രഹിതം, അവാർഡ് ഇടപെടലിൽ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ

ഈ വർഷത്തെ സംസ്ഥാന പുരസ്കാരത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തിയെന്ന സംവിധായകൻ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തല്ല ജൂറിയെ സെലക്ട് ചെയ്തത് അതിനൊരു നടപടിക്രമമുണ്ട് അതിലൂടെയാണ് അവരെ തിരഞ്ഞെടുത്തത് അതിലൊരിക്കലും രഞ്ജിത്തിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തെളിവുകൾ ആർക്കു വേണോ ഉണ്ടാക്കാമെന്നും താൻ പ്രഖ്യാപിച്ച അവാർഡ് കറക്റ്റ് ആണെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാൻ പറഞ്ഞത് :

ഈ ​ഗവൺമെന്റ് വന്നതിന് ശേഷം മൂന്ന് ചലച്ചിത്ര അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഒരു പരാതിയും ഈ മൂന്ന് അവാർഡ് പ്രഖ്യാപനത്തിലും ഉണ്ടായിട്ടില്ല. ഞങ്ങളെ അനുകൂലിക്കുന്നവർ മാത്രമല്ല എതിർക്കുന്ന മാധ്യമങ്ങളും, എതിർക്കുന്ന വ്യക്തികളും വ്യത്യസ്ത രാഷ്ട്രീയ ധാരയിൽ നിൽക്കുന്നവരടക്കം ഈ ചലച്ചിത്ര അവാർഡുകളെ പ്രകീർത്തിക്കുകയാണ് ചെയ്തത്. അതിന്റെ ജൂറി തെരഞ്ഞടുപ്പാണ് ഏറ്റവും പ്രധാനം. വ്യത്യസ്ത മനോഭാവങ്ങളുള്ളവരെപ്പോലും നിഷ്പക്ഷമായി ഉൾപ്പെടുത്തിക്കൊണ്ടാണ് ജൂറി രൂപികരിച്ചിട്ടുള്ളത്. കേരളത്തിലെ മാത്രം പ്രശസ്തരല്ല ഇന്ത്യയിൽ, ലോകത്ത് അതി പ്രസിദ്ധരായ ആളുകളെയെല്ലാം ജൂറി അംഗങ്ങളായിട്ടുണ്ട്. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നത്. ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ല. കാരണം ഈ ജുറിയിൽ അം​ഗമല്ല അദ്ദേഹം. അദ്ദേഹത്തിന് ഒരാളുമായിപ്പോലും സംസാരിക്കാൻ കഴിയില്ല. അദ്ദേഹമല്ല ജൂറിയെ സെലക്ട് ചെയ്തത്. അതിന് അതിന്റേതായ ഒരു നടപടി ക്രമമുണ്ട്. ആ നടപടി ക്രമങ്ങളിലൂടെയാണ് ജൂറിയെ സെലക്ട് ചെയ്യുന്നത്. വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഒരു ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഏറ്റവും ഭം​ഗിയായി ഈ വർഷങ്ങളിൽ നടത്തി എന്നുള്ളതിന് അദ്ദേഹത്തെ അഭിന്ദിക്കുകയാണ് വേണ്ടത്. അതിൽ അവാർഡ് വിതരണം എത്ര ഭം​ഗിയായാണ് സംഘടിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ സാംസ്കാരികത വകുപ്പിന് അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന പ്രവർത്തന ശെെലിക്ക് നേതൃത്വം കൊടുക്കുന്ന സ്ഥാപനം അതിന്റെ ചെയ്ർമാൻ അദ്ദേഹം ആണോ ഇവിടെ ആളുകളെ തീരുമാനിക്കുന്നത്. പിന്നെ കിട്ടാത്തവർ മോശമാണെന്ന് ഞാൻ പറയുന്നില്ല. മമ്മൂട്ടിക്ക് നമ്മൾ ബെസ്റ്റ് ആക്ടർ അവാർഡ് കൊടുത്തു. നിങ്ങൾ ആ സിനിമ കണ്ടല്ലോ നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ മമ്മൂട്ടിക്ക് അത് കൊടുക്കേണ്ടായിരുന്നു എന്ന്. മമ്മൂക്കയെപ്പോലെ അഭിനയിച്ചു വന്ന മറ്റ് അഭിനേതാക്കളുണ്ട്. അതിന് പ്രത്യേക പുരസ്കാരം കൊടുക്കുന്നുണ്ട് അവർക്ക്. ഒരു മാർക്കിന്റെ കുറവ് കൊണ്ട് ഫുൾ എ പ്ലസ് കിട്ടാതെ പോകുന്നവർ മോശക്കാരാണോ? അതുകൊണ്ട് അത്തരം കലാകാരന്മാർ കഴിവുള്ളവരും അവാർഡ് കിട്ടും എന്ന് പ്രതീക്ഷയുള്ളവരുമാണ്. പക്ഷേ മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്കും ഒരു പരാതിയും പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.

കഴിഞ്ഞ ദിവസമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. രഞ്ജിത്തിന് എതിരെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ഫോൺ കാൾ റെക്കോർഡിങ്ങും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

മികച്ച സംഗീത സംവിധായകൻ, മികച്ച പിന്നണി ഗായിക, മികച്ച ഡബ്ബിങ് ആർട്ടിസ്റ് എന്നീ ക്യാറ്റഗറിയിലാണ് പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് ലഭിച്ചത്. കലാ സംവിധാന വിഭാ​ഗത്തിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനായി ജ്യോതിഷ് ശങ്കറിനായിരുന്നു പുരസ്കാരം. അജയൻ ചാലിശ്ശേരിയായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ കലാസംവിധാനം നിർവഹിച്ചത്. സിജു വിൽസൺ, കയാദു ലോഹർ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബാജുവ, ടിനി ടോം എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT