ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനോടൊപ്പം നിന്ന് സർക്കാർ. രഞ്ജിത്ത് രാജ്യം കണ്ട ഏറ്റവും വലിയ കലാകാരനാണെന്നും അദ്ദേഹം നിരപരാധിയാണെങ്കിൽ എന്ത് ചെയ്യുമെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാവുമോ? ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം പറഞ്ഞാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ എടുത്ത ഏതെങ്കിലും കേസ് നിലനിന്നിട്ടുണ്ടോ?. പരാതിയുണ്ടെങ്കിൽ അനിവാര്യമായ നടപടികൾ നിയമാനുസൃതം എടുക്കുമെന്നും രേഖാമൂലമുള്ള പരാതിയിന്മേൽ മാത്രമേ ഈ വിഷയത്തിൽ പരിശോധന നടത്താനാകൂ എന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ മോശമായ അനുഭവം രഞ്ജിത്തിൽ നിന്നുണ്ടായി എന്ന് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരെ നടപടിയുണ്ടാകണം എന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നതിനിടയിലാണ് രഞ്ജിത്തിന് കവചം തീർത്ത് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
സജി ചെറിയാൻ പറഞ്ഞത്:
ഇന്നലെ സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടതായി മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അത് സംബന്ധിച്ച് രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടിയും നടിയുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവർക്ക് പരാതിയുണ്ടെങ്കിൽ വരട്ടെ. വന്നുകഴിഞ്ഞാൽ അനിവാര്യമായ നടപടികൾ നിയമാനുസൃതം എടുക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം പറഞ്ഞാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ എടുത്ത ഏതെങ്കിലും കേസ് നിലനിന്നിട്ടുണ്ടോ? ഇരയോടൊപ്പമാണ് ഉള്ളത്. വേട്ടക്കാരനോടൊപ്പമല്ല.
അന്വേഷണം നടത്തി അദ്ദേഹത്തിന്റെ ഭാഗത്ത് കുറ്റമുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാകുമോ? ഏതെങ്കിലും ഒരു കാരണവശാൽ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അപ്പോൾ ഒരു നിരപരാധിയെ ക്രൂശിക്കാൻ ആകുമോ. അദ്ദേഹം ഇന്നലെ ആ ആരോപണം നിഷേധിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ഒരു കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സെറ്റിലാണ് ഇങ്ങനെ ഒരു വിഷയം നടന്നതെന്ന് പറയപ്പെടുന്നത്. അദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകർ കൂടെ ഉണ്ടായിരുന്നു എന്ന്. ഇതെല്ലാം പരിശോധിക്കാൻ കഴിയുക പരാതിയിന്മേലാണ്. രേഖാമൂലമുള്ള പരാതിയിന്മേൽ അല്ലാതെ കേസെടുക്കാൻ ആവില്ല എന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടുണ്ട് എന്ന് മന്ത്രി വിശദീകരിച്ചു.