കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിന്റെ നോവല്‍ 'മരണവംശം' സിനിമയാകുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കാസര്‍ഗോഡിനും കര്‍ണാടകയ്ക്കും അതിരായി കിടക്കുന്ന ഏര്‍ക്കാന എന്ന സാങ്കല്പ്പികദേശത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് തലമുറയുടെ സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വലിയ നോവലാണ് മരണവംശം. പുറത്തിറങ്ങിയ ആദ്യത്തെ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ രണ്ടാംപതിപ്പിലെത്തിയ മരണവംശം വായനക്കാരുടെ സജീവശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാതൃഭൂമി ബുക്സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.വി.ഷാജികുമാറിന്റെ ആദ്യനോവല്‍ കൂടിയാണ് 'മരണവംശം'
മനുഷ്യര്‍ക്കൊപ്പം ജീവജാലങ്ങളും കഥാപാത്രങ്ങളായി വരുന്ന നോവലില്‍ ഇരുന്നൂറിലേറെ കഥാപാത്രങ്ങളും അവരുടെ കഥകളും ആഴത്തില്‍ ആഖ്യാനിക്കുന്നുണ്ട്. കാടും മനുഷ്യരും കലഹവും മരണവംശത്തില്‍ കാട്ടുവള്ളികള്‍ പോലെ കെട്ടുപിണഞ്ഞുകിടക്കുന്നു. വിശാലമായ ക്യാന്‍വാസില്‍ വന്‍ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നത്.
പൂര്‍ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്ന പെണ്ണും പൊറാട്ടുമാണ് രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ആദ്യസിനിമ. സന്തോഷ് കുരുവിളയാണ് പെണ്ണും പൊറാട്ടും നിര്‍മിച്ചിരിക്കുന്നത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, 18+, മദനോല്‍സവം, ന്നാ താന്‍ കേസ് കൊട്, കനകം കാമിനി കലഹം, മിന്നല്‍ മുരളി തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാജേഷ് മാധവന്‍ ആഷിഖ് അബു, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ സംവിധാനസഹായിയായും ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായും തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനം, വെള്ളരിപ്പാടം, കിടപ്പറസമരം തുടങ്ങിയ ഒട്ടേറെ കഥാസമാഹാരങ്ങള്‍ പി.വി. ഷാജികുമാറിന്റേതായിട്ടുണ്ട്. ടേക്ക് ഓഫ്, കന്യക ടാക്കീസ്, ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും പുത്തന്‍പണം എന്ന സിനിമയുടെ സംഭാഷണവും പി.വി.ഷാജികുമാര്‍ രചിച്ചിട്ടുണ്ട്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയാണ് രാജേഷ് മധവന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ ട്രെൻഡ് സെറ്റർ ആയ കാവും താഴെ സുരേഷും സുമലത ടീച്ചറും ഒരു മുഴുനീളൻ സിനിമയിലെത്തുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. മലയാള സിനിമയിലെ ആദ്യത്തെ സിപിന്‍ ഓഫ് ചിത്രമായിരുന്നു ഇത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്