മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന് തിയറ്റര്‍ ഉടമകളും ഫിയോക് നേതൃത്വവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മരക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചു.. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്റണി പെരുമ്പാവൂര്‍. ഒരേ സമയം തിയറ്ററിലും ഒടിടിയിലും റിലീസ് ചെയ്യുന്ന രീതിയില്‍ മരക്കാര്‍ പരിഗണിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. തിയറ്ററുകളില്‍ നിന്ന് 40 കോടിയോളം അഡ്വാന്‍സ് സ്വീകരിച്ച സിനിമ ആയതിനാല്‍ ഒടിടിയിലേക്ക് പോകില്ലെന്നായിരുന്നു തിയറ്ററുടമകളുടെ വാദം.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:
മരക്കാര്‍ സിനിമ എടുത്ത സമയത്തും ചിന്തിച്ച സയമത്തും തിയറ്ററിന് വേണ്ടി തന്നെയാണ് ആലോചിച്ചത്. അതിന് വേണ്ടിയാണ് വെയ്റ്റ് ചെയ്തത്. എന്ത് ചെയ്യണമെന്ന ആശങ്ക കുറേ നാളുകളായുണ്ട്. ഇനിയും എനിക്ക് കാത്തിരിക്കാനില്ല. ഒന്നുകില്‍ തിയറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകില്ല.
100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള സിനിമയായ മരക്കാര്‍ പ്രിയദര്‍ശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ് തിരക്കഥ. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.
മോഹന്‍ലാല്‍ നായകനായ ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവ ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റേതായി ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം തിയറ്റര്‍ റിലീസായിരിക്കും.