പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസായിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. കൊവിഡ് ഉള്‍പ്പടെ പല കാരണങ്ങളാലാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാത്തതെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സ്ഥിരീകരിച്ചത്.
തിയേറ്റര്‍ ഉടമകളുടെ സംഘടന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് ഒരു പരിഗണനയ്ക്കും തയ്യാറല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ചര്‍ച്ചക്ക് മുന്‍പ് തന്നെ ഇക്കാര്യം അറിഞ്ഞതിനാലാണ് മന്ത്രിയുമായുള്ള യോഗത്തില്‍ നിന്ന് പിന്‍മാറിയത്. തിയേറ്റര്‍ ഉടമകള്‍ സിനിമയ്ക്ക് 40 കോടിയോളം അഡ്വാന്‍സ് തന്നു എന്ന പ്രചരണവും നടന്നിരുന്നു. അതിന്റെ സത്യാവസ്ഥ വ്യക്തമാക്കാതെ തിയേറ്റര്‍ ഉടമകളുടെ സംഘടന അത് ആഘോഷമാക്കുകയാണ് ചെയ്തതെന്നും ആന്റണി വ്യക്തമാക്കി.
മരക്കാര്‍ സിനിമക്ക് 4 കോടി 80 ലക്ഷം രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് ലഭിച്ചത്. നാല്‍പ്പത് കോടി നല്‍കിയെന്നത് വ്യാജ പ്രചരണമാണ്. ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ തിയറ്ററുകളിലും 21 ദിവസം മരക്കാര്‍ കളിക്കാമെന്ന് ഉറപ്പു നല്‍കിയുരന്നു. എന്നാല്‍ തിയറ്ററുകള്‍ ഇതിന് തയ്യാറായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള സിനിമയായ മരക്കാറിന്റെ തിരക്കഥ പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.