നടി തൃഷയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലിഖാൻ. സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷനായ നടികർ സംഘം വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചും പ്രസ്സ് മീറ്റിൽ മൻസൂർ അലിഖാൻ പ്രതികരിച്ചു. തമാശയായിട്ടാണ് പ്രസ്താവന നടത്തിയത് എന്നും വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള വിവിധ അഭിനേതാക്കളാൽ ഇതിനകം തന്നെ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്‌താവനയുടെ ഹാസ്യവശം മനസ്സിലാക്കാതെ താൻ പറഞ്ഞതിനെ ആളുകൾ ഊതിവിർപ്പിച്ചു എന്നും പ്രസ്സ് മീറ്റിൽ മൻസൂർ അലിഖാൻ പറഞ്ഞു.
വിവാദ പരാമർശത്തിൽ തന്നോട് വിശദീകരണം ചോദിക്കാതെ സസ്‌പെൻഡ് ചെയ്യുമെന്ന് പറഞ്ഞ നടികർ സംഘത്തിനെതിരെയും പ്രസ്സ് മീറ്റിൽ മൻസൂർ അലിഖാൻ ഭീഷണി മുഴക്കി. അവർ നോട്ടീസ് അയച്ച് വിശദീകരണം ചോദിക്കണം. നടികർ സംഘത്തിന് ഇത് ചെയ്യാൻ കഴിയുമോ? ഞാൻ നടികർ സംഘത്തിന് നാല് മണിക്കൂർ സമയം നൽകും. ഇന്നലെ അയച്ച പ്രസ്താവന അവർ റദ്ദാക്കണം. നടിഗർ സംഘം ചെയ്തത് ഹിമാലയൻ അബദ്ധമാണ്. അവർ എന്നോട് മാപ്പ് പറയണം, ഞാൻ മാപ്പ് ചോദിക്കുന്ന ആളല്ല." പ്രസ്സ് മീറ്റിൽ മൻസൂർ അലിഖാൻ പറഞ്ഞു.
എന്താണ് സിനിമയിലെ ബലാത്സംഗ രംഗം? അത് യഥാർത്ഥത്തിൽ സംഭവിക്കുമോ? കൊലപാതക രംഗങ്ങൾ പോലും ഇപ്പോൾ നായകന്മാർ തന്നെയാണ് അവതരിപ്പിക്കുന്നത്. കമൽഹാസനോ സൂര്യയോ ഒരു കൊലപാതകം ചെയ്യുമ്പോൾ എല്ലാവരും കൈയടിക്കും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യാഥാർത്ഥ്യമല്ല, ഇത് നടികർ സംഘത്തിന് അറിയില്ലേ?" ഞാൻ എന്താണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയാം എന്നും തമിഴ്‌നാട് മുഴുവൻ തന്റെ പിന്നിലുണ്ടെന്നും പറഞ്ഞ മസൂർ അലിഖാൻ പ്രസ്സ് മീറ്റിന്റെ അവസാനം ദേശീയ ഗാനം ആലപിച്ചാണ് വേദി വിട്ടത്. എന്നാൽ അനാദരവോടെ ദേശീയ ഗാനം ആലിപിച്ചതിനെതിരെ മൻസൂർ അലിഖാനെതിരെ നിരവധിപ്പേർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.
ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോ സിനിമയിൽ റേപ്പ് സീനുകളൊന്നുമില്ലെന്നും തൃഷയോടൊപ്പം ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമായിരുന്നു അഭിമുഖത്തിൽ മന്‍സൂര്‍ അലിഖാന്റെ പരാമർശം. ഇതിനെതിരെ തൃഷ തന്നെ രംഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞത്.