മുരളി, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ചമയം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഇന്നും മലയാളിക്ക് പ്രിയങ്കരം തന്നെയാണ്. അമരം എന്ന ചിത്രത്തിന് ശേഷം കടലിന്റെ പശ്ചാത്തലത്തിൽ ഭരതൻ ഒരുക്കിയ ഈ ചിത്രം ആദ്യം തീരുമാനിച്ചിരുന്നത് മോഹൻലാലിനും തിലകനും വേണ്ടി ആയിരുന്നു എന്ന് മനോജ് കെ ജയൻ പറയുന്നു. മോഹൻലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മിൽ ചേരാതെ വന്നപ്പോഴാണ് ചമയത്തിലെ എസ്തപ്പാനാശാനും ആന്റോയും തന്നെയും മുരളിയെയും തേടി വന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞു.
മനോജ് കെ ജയൻ പറഞ്ഞത്:
ഭരതേട്ടന്റെ വെങ്കലം എന്ന ചിത്രമാണ് ഞാൻ ആദ്യം ചെയ്യുന്നത്. വെങ്കലം കഴിഞ്ഞ് അടുത്ത വർഷം തന്നെ ചമയം എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നു. ഞാൻ ഭരതേട്ടനെ അങ്ങോട്ട് വിളിച്ചു ചോദിച്ചു. ഭരതേട്ടാ, എന്നെ പ്രൊഡക്ഷൻ മനേജർ വിളിച്ചു, എന്താണ് സംഭവം എന്ന്. എടാ അത് ഞാൻ സത്യത്തിൽ ലാലിനെയും തിലകനെയും വച്ച് ഞാൻ പ്ലാൻ ചെയ്ത ഒരു സിനിമയാണ്, അപ്പോൾ ലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മിൽ ക്ലാഷ് ആകുന്നു. അതുകൊണ്ട് ഞാൻ രണ്ട് പേരെയും അങ്ങോട്ട് ഒഴിവാക്കി. ഇപ്പോൾ മുരളിയെയും നിന്നെയും വച്ച് പ്ലാൻ ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞു. അപ്പോൾ ലാലേട്ടൻ ചെയ്യേണ്ടിയിരുന്നു കഥാപാത്രമാണോ ഞാൻ ചെയ്യേണ്ടത്? എന്ന് ഞാൻ ചോദിച്ചു അതെ, ലാലിന് വച്ചിരുന്ന കഥാപാത്രമാണ് സൂക്ഷിച്ച് ഒക്കെ ചെയ്തോ എന്ന് അദ്ദേഹം പറഞ്ഞു. അതൊരു വെല്ലുവിളി ആയിരുന്നോ അതോ വിരട്ടാണോ എന്ന് തന്നെ എനിക്ക് അറിയില്ല, പക്ഷേ അങ്ങനെ ഞാൻ ചെയ്ത സിനിമയാണ് ചമയം. മോഹൻലാലുമായി അതിന് താരതമ്യം വരും എന്ന് കരുതി സിനിമ ഇറങ്ങിയതിന് ശേഷം ഞാൻ ഇത് ആരോടും പറയാൻ നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ചമയം മോശമാണ് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, ഞാൻ വളരെ സന്തോഷത്തോടെയും അനായസത്തോടയും ചെയ്ത സിനിമ കൂടിയാണ് അത്. ഭരതേട്ടൻ ആയത് കൊണ്ട് കൂടിയാണ് അത്, കാരണം ഭരതേട്ടൻ അങ്ങനെയാണ് ആർട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് ആ സിനിമ. എന്റെ ആദ്യത്തെ വഴിത്തിരിവ് സർഗം എന്ന സിനിമയാണ് എന്നുണ്ടെങ്കിൽ, അതിലെ കുട്ടൻ തമ്പുരാന്റെ ഇമേജുകൾ മുഴുവൻ പൊളിച്ചടുക്കി പല വഴികളിലൂടെ പല വിധത്തിലുള്ള കഥാപാത്രങ്ങളിലൂടെ എനിക്ക് സഞ്ചരിക്കാൻ ഭരതേട്ടൻ നൽകിയ അവസരമാണ് ആന്റോ എന്ന കഥാപാത്രം.