എച്ച്-വിനോദ് അജിത് ചിത്രം തുനിവ് എല്ലാംകൊണ്ടും തനിക്ക് ഒരു പുതിയ അനുഭവമായിരുന്നു എന്ന് മഞ്ജുവാര്യര്‍. അസുരന് ശേഷം അതുപോലെ ഒരു സിനിമ തമിഴില്‍ ചെയ്ത് ആവര്‍ത്തനമുണ്ടാക്കരുതെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിനും അപ്പുറം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തുനിവ് സമ്മാനിച്ചത്. അങ്ങനെ കാത്തിരുന്ന കിട്ടിയ കഥാപാത്രമാണ് കണ്‍മണി. ഇനി അത്തരത്തില്‍ ഒരു മുഴുനീള ആക്ഷന്‍ കഥാപാത്രമാകുമോ എന്ന ചോദ്യത്തിന് തുനിവ് കണ്ട പ്രേക്ഷക പ്രതികരണം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
മഞ്ജുവാര്യര്‍ പറഞ്ഞത്:
തുനിവ് മുന്നോട്ടുവച്ച ചലഞ്ചാണ് ആ സിനിമയില്‍ ഏറ്റവും എക്‌സൈറ്റിംഗായിട്ടുള്ളത്. ആദ്യം പറഞ്ഞിരുന്ന കഥയിലെ എന്റെ കഥാപാത്രത്തിന്റെ ഘടന വേറെയായിരുന്നു. അതില്‍ ചില മാറ്റങ്ങളുണ്ടായിരുന്നെങ്കില്‍ എന്റെ ആഗ്രഹവും അഭിപ്രായവും സ്വീകരിച്ചാണ് ഡയറക്ടര്‍ എച്ച് വിനോദ് ഇന്ന് കാണുന്ന നിലയില്‍ എന്റെ കഥാപാത്രത്തെ മനോഹരമാക്കിയെടുത്തത്. അസുരന് ശേഷം അസുരന്‍ പോലെ മറ്റൊരു സിനിമ തമിഴില്‍ തെരഞ്ഞെടുക്കരുത് എന്നുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന് കിട്ടിയ കഥാപാത്രമാണ് കണ്‍മണി.
എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറം വ്യത്യസ്തയാണ് ആ ചിത്രമെനിക്ക് സമ്മാനിച്ചത്. തുനിവിലെ എല്ലാ അനുഭവങ്ങളും എനിക്ക് പുതിയതായിരുന്നു. ആക്ഷന്‍ ചെയ്ത് തെളിഞ്ഞവര്‍ക്കിടയില്‍ നമ്മള്‍ പോയി കോമഡി ആയി നില്‍ക്കരുതല്ലോ. അതുകൊണ്ട് തന്നെ അജിത് സാര്‍ അടക്കമുള്ളവരോട് ചോദിച്ചും കണ്ടും പഠിക്കാനുള്ള ശ്രമമാണ് സിനിമയില്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം ഒരുക്കിയത് സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദറാണ്. വളരെ സപ്പോര്‍ട്ടീവായി അവര്‍ കൂടെ നിന്നിട്ടുണ്ട്. ബ്ലാസ്റ്റിലും, ഗണ്‍ഷോട്ടിലുമെല്ലാം വളരെ പ്രൊട്ടക്ടീവായിട്ടുള്ള ഒരു അന്തരീക്ഷം ഉറപ്പാക്കിയാണ് ഷൂട്ട് ചെയ്തത്. എങ്കിലും സ്വാഭാവികമായി പറ്റാവുന്ന മുറിവൊക്കെ പറ്റിയിട്ടുണ്ട്.
സ്‌ക്രീനിലെത്തുമ്പോള്‍, ട്രെയിലറിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് എന്ത് തരത്തിലുള്ള പ്രതികരണമായിരിക്കും ഉണ്ടാവുക എന്ന് തന്നെ ആകാംഷയോടെയാണ് നോക്കികണ്ടത്. അതുപോലെ സിനിമ കണ്ടിട്ട് പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിഞ്ഞിട്ടുവേണം ഭാവിയില്‍ ഒരു മുഴുനീള ആക്ഷന്‍ കഥാപാത്രമാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍.