മണിരത്നം ചിത്രം 'ദിൽ സേ'യുടെ യഥാർത്ഥ ക്ലൈമാക്സ് സിനിമയിൽ കാണുന്നതു പോലെയായിരുന്നില്ലെന്ന് നടി മനീഷ കൊയ്‌രാള. 1998 ൽ ഷാരൂഖ് ഖാനെയും മനീഷ കൊയ്‌രാളയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ദിൽ സേ'. ചിത്രത്തിൽ മേഘ്ന എന്ന ചാവേറായാണ് മനീഷ കൊയ്‌രാള എത്തിയത്. ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനായ അമർ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനത്തിൽ നായികയും നായകനും മരണമടയുന്നതായാണ് കാണിച്ചിരുന്നത്. എന്നാൽ യഥാർത്ഥ തിരക്കഥയിൽ അതായിരുന്നില്ല ക്ലൈമാക്സ് എന്നും തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് തിരക്കഥയിൽ എഴുതിയിരുന്ന ക്ലൈമാക്സ് ആയിരുന്നുവെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ മനീഷ കൊയ്‌രാള പറഞ്ഞു.
മനീഷ കൊയ്‌രാള പറഞ്ഞത്:
രാം ഗോപാൽ വർമ്മയുമായി ഞാൻ ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ദിൽ സേ എന്ന ചിത്രം എന്നിലേക്ക് വരുന്നത് കുറച്ച് വൈകിയാണ്. ഒരു ആർട്ടിസ്റ്റ് എന്ന തരത്തിൽ ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് വന്നു പറഞ്ഞത് മനീഷ നിങ്ങൾ ഈ സിനിമയിൽ ഒരു തീവ്രവാദിയായി അഭിനയിക്കണം എന്നാണ്. എന്നാൽ അതൊരിക്കലും സാധാരണ രീതിയിൽ കാണുന്നത് പോലെ വളരെ ഗൗരവത്തോടെയല്ല ചെയ്യേണ്ടത്. നിങ്ങൾ ഒരു സാധാരണ പെൺകുട്ടിയെപ്പോലെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്നാണ്. ഒരു ആർട്ടിസ്റ്റ് എന്ന തരത്തിൽ കഥാപാത്രങ്ങളുടെ നെഗറ്റീവ് വശത്തെ എക്സ്പ്ലോർ ചെയ്യാനുള്ള വലിയൊരു അവസരമായിരുന്നു എനിക്ക് ദിൽ സേ. കാരണം അതുവരേയ്ക്കും ഞാൻ നല്ല കഥാപാത്രങ്ങളെ മാത്രമാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഈ കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു കാരണം സാധരണ കണ്ടു വരുന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ അവതരണം പോലെയായിരുന്നില്ല 'ദിൽ സേ'യിലെ കഥാപാത്രത്തിന്റെ അവതരണം. 'ദിൽ സേ'യുടെ ക്ലൈമാക്സിൽ അവൾക്കൊപ്പം നായകനും മരിക്കുകയാണ്. എന്നാൽ യഥാർത്ഥ തിരക്കഥയിൽ നായകൻ നായികയെ മരിക്കാൻ വിടുകയാണ് ചെയ്യുന്നത്. പക്ഷേ അവസാന നിമിഷം അവർ ആ തിരക്കഥ മാറ്റി. ചിത്രത്തിന്റെ അവസാനത്തിൽ അവൾക്ക് വേണ്ടി മരിക്കുന്ന നായകന്റെ ത്യാഗം എന്ന തരത്തിലാണ് അവർ ആ കഥയെ അവതരിപ്പിച്ചത്. എനിക്ക് യഥാർത്ഥ കഥയാണ് വളരെ ഇഷ്ടപ്പെട്ടത്.
തമിഴിൽ 'ഉയിരെ' എന്ന പേരിലും 'ദിൽ സേ' റിലീസിനെത്തിയിരുന്നു. പ്രീതി സിന്റയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ദിൽ സേ. അസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ എ ആർ റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച എല്ലാ പാട്ടുകളും ഇപ്പോഴും ജനപ്രീയമാണ്.