Film News

റീ റിലീസ് ബോക്സ് ഓഫീസിലും മിന്നി തിളങ്ങി മോഹൻലാൽ, ദേവദൂതനും മണിച്ചിത്രത്താഴും റീ റിലീസിൽ ആകെ നേടിയത് ?

ബോക്സ് ഓഫീസിൽ പരാജയമടഞ്ഞ ചിത്രവും മലയാളത്തിന്റെ ടൈം ലെസ് ക്ലാസിക്കും റീ റിലീസിലും മിന്നി തിളങ്ങുകയാണ്. റീ മാസ്റ്ററിം​ഗിൽ 4K ദൃശ്യമികവിൽ പുത്തൻ കാഴ്ചയുമായി എത്തിയ സിബി മലയിലിന്റെ ദേവദൂതനും ഫാസിലിന്റെ മണിച്ചിത്രത്താഴും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലറുകളില്‍ ഒന്നായിരുന്നു. ആ​ഗസ്റ്റ് 17 ന് റീ റിലീസിനെത്തിയ മണിച്ചിത്രത്താഴ് റിലീസ് ചെയ്ത് പതിനാറ് ദിവസം കൊണ്ട് ആ​ഗോള ബോക്സ് ഓഫീസിൽ നേടിയത് 4.40 കോടി രൂപ കളക്ഷനാണ്. കേരളത്തിൽ നിന്നുമാത്രം മണിച്ചിത്രത്താഴ് സ്വന്തമാക്കിയത് 3 കോടിയോളം രൂപയാണ്. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

അതേ സമയം റീ റിലീസിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം ദേവദൂതനാണ്. 5.4 കോടി രൂപയാണ് ദേവദൂതന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ സിയാദ് കോക്കറാണ് നിർമിച്ചത്. റിലീസ് കാലത്ത് സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ ഇത്രയും അധികം വിജയം കൈവരിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ഇത് ആദ്യം. ആദ്യം 50 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടാം വാരം നൂറ് സ്ക്രീനിലേക്കും പിന്നീട് 200നടുത്ത് സ്ക്രീനിലേക്കും വ്യാപിപ്പിച്ചിരുന്നു.

മോഹൻലാലിന്റെ വൻ വിജയചിത്രങ്ങളിലൊന്നായ സ്ഫടികം ഫോർ കെയിൽ റീ മാസ്റ്റർ ചെയ്ത് 2023ൽ റീ റിലീസ് ചെയ്തപ്പോൾ 4.95 കോടി രൂപയാണ് ആകെ ​ഗ്രോസ് കളക്ഷനായി നേടിയത്. ഇതിനെയും മറികടന്നാണ് ദേവദൂതന്റെ നേട്ടം. 2023 ഫെബ്രുവരി ഒമ്പതിനായിരുന്നു സ്ഫടികം റീ റിലീസ് ചെയ്തത്. ഭദ്രന്‍ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അന്ന് കേരളത്തിൽ മാത്രമല്ല ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യ ദിനം റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു.

ചികിത്സാമേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് അജ്മാനിലെ ആശുപത്രി

'നൂലില്ലാ കറക്കം', ശ്രീനാഥ്‌ ഭാസി പാടിയ 'മുറ'യിലെ ഗാനമെത്തി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

അവസാനമായി സിദ്ദീഖ് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹം ഇപ്പോഴും ഈ സിനിമയ്ക്ക് പിന്നിലുണ്ട്: ധർമ്മജൻ ബോൾഗാട്ടി

SCROLL FOR NEXT