അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത വലുതും ചെറുതുമായ സിനിമകൾക്കിടയിൽ മറ്റൊരു ക്വാളിറ്റി ഫിലിം കൂടി. ചെറിയ പ്ലോട്ടിനെ ഹ്യൂമറിന്റെ സഹായത്തോടെ നന്നായി പ്രെസെന്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ കുറിച്ചത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.
ആദ്യം കേൾക്കുമ്പോൾ തന്നെ തനിക്ക് അത്യാവശ്യം കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റ് ആയിരുന്നു മന്ദാകിനിയുടേത്. വളരെ ക്ലീൻ ആയി ആരും മോശം പറയാത്ത ഒരു സിനിമ ആയി ആണ് മന്ദാകിനി തോന്നിയതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അനാർക്കലി മരിക്കാർ പറഞ്ഞിരുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തമാശയുടെ അകമ്പടിയോടെ ഒരു എന്റർടൈനർ സ്വഭാവത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.