ഭീഷ്മപർവത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് ആക്ഷൻ ത്രില്ലർ സ്വഭാവത്തിലെത്തുന്ന ചിത്രമായാണ് ബസൂക്കയെ ആരാധകർ കണക്കാക്കുന്നത്. ഗെയിം ത്രില്ലർ സ്വഭാവത്തിലെത്തുന്ന ബസൂക്കയിലെ ഫസ്റ്റ് ലുക്കിന് വേണ്ടിയുള്ള കാത്തിരിപ്പ് ട്വിറ്റർ ട്രെൻഡിംഗാക്കി മാറ്റിയിരിക്കുകയാണ് ഫാൻസ്. ബസൂക്കയുടെ ലൊക്കേഷനിൽ വച്ച് ജൂൺ ഒന്നിന് കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷിന്റെ വസ്ത്ര വ്യാപാര വെബ്സൈറ്റിന്റെ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചിരുന്നു. ബസൂക്ക എന്ന സിനിമയിലെ ഗെറ്റപ്പിനോട് സാമ്യമുള്ള ലുക്കിലാണ് മമ്മൂട്ടി ഈ ചടങ്ങിലെത്തിയത്. ഇതിന് പിന്നാലെയാണ് ബസൂക്ക ഫസ്റ്റ് ലുക്ക് വെയിറ്റിംഗ് ട്വീറ്റുകൾ ട്രെൻഡിംഗ് ലിസ്റ്റിലെത്തിയത്. മമ്മൂട്ടിയുടെ നെവർ ബിഫോർ ലുക്ക് എന്ന നിലക്കാണ് ആരാധകരുടെ ട്വീറ്റുകൾ.
ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന 'ബസൂക്ക' യുടെ ചിത്രീകരണം പ്രധാനമായും കൊച്ചിയിലാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് റോബി വർഗീസ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് ശേഷം മമ്മൂട്ടി ജോയിൻ ചെയ്ത ചിത്രവുമാണ് ബസൂക്ക. സരിഗമയുടെ ഫിലിം സ്റ്റുഡിയോയായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയ്ക്കും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനുമൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.
ചിത്രത്തില്‍ ഗൗതം മേനോന്‍, ഐശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. കൊച്ചിയിലും ബാംഗ്ലൂരിലും ആയാണ് സിനിമ ചിത്രീകരിക്കുന്നത്.