Film News

അമുദനും വൈ എസ് ആറും മണി സാറും, മൂന്ന് ഭാഷകളില്‍ മമ്മൂട്ടിയിലെ നടനെ ആഘോഷിച്ച മേക്ക് ഓവര്‍

THE CUE

ഉണ്ട എന്ന സിനിമ സ്വീകാര്യത നേടുമ്പോള്‍ അതിനൊപ്പം ആഘോഷിക്കപ്പെടുന്ന മമ്മൂട്ടിയിലെ നടനാണ്. എസ് ഐ മണികണ്ഠനിലൂടെ മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്തൊരു കഥാപാത്രത്തിന്റെ ഭാവതലങ്ങളിലേക്ക് മമ്മൂട്ടി ചേക്കേറുമ്പോള്‍ ഇതുവരെ ചെയ്ത മാസ് പോലീസ് റോളുകളുടെ വിപരീത ദിശയില്‍ ഗംഭീരമായൊരു കഥാപാത്രത്തെ കൂടിയാണ് ഈ നടന്‍ സമ്മാനിച്ചത്. മൂന്ന് ഭാഷകളില്‍ മൂന്ന് വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി കയ്യടി നേടിയ വര്‍ഷം കൂടിയാണ് 2019. ഈ വര്‍ഷം പകുതിയിലെത്തുമ്പോള്‍ തെലുങ്കിലും, തമിഴിലും മലയാളത്തിലും കരിയറിലെ ശ്രദ്ധയ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചിരിക്കുയാണ് മമ്മൂട്ടി.

ഉണ്ടയെ വിജയത്തിലെത്തിക്കുകയും അഭിനയത്തിന് കയ്യടിക്കുകയും ചെയ്യുന്ന ആസ്വാദകരോട് നന്ദി പറയുമ്പോള്‍ മമ്മൂട്ടി സൂചിപ്പിക്കുന്നതും മൂന്ന് ഭാഷകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്. നൂറ് കോടി ക്ലബ്ബിലെത്തിച്ച മധുരരാജയിലെ രാജയും, പേരന്‍പിലെ അമുദനും, യാത്രയിലെ വൈ എസ് ആറും, ഉണ്ടയിലെ മണികണ്ഠനുമാണ് ഈ വര്‍ഷം ഇതുവരെ വന്ന കഥാപാത്രങ്ങള്‍.

ഉണ്ടയെ സ്‌നേഹിച്ച ആസ്വാദകര്‍ക്കും നിരൂപകര്‍ക്കും നന്ദി. വ്യത്യസ്ഥ ഭാഷകളിലായി വൈവിധ്യതയുള്ള റോളുകള്‍ ചെയ്യാന്‍ അവസരം ലഭിച്ച വര്‍ഷമാണിത്. സ്‌നേഹത്തിന് ഒരിക്കല്‍ കൂടെ നന്ദി
മമ്മൂട്ടി

അമുദന്‍ (പേരന്‍പ്)

റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടി നിസഹായനായ അച്ഛന്റെ റോളിലായിരുന്നു. മമ്മൂട്ടിയില്ലെങ്കില്‍ പേരന്‍പ് ഉപേക്ഷിക്കുമായിരുന്നുവെന്ന സംവിധായകന്റെ വാക്കുകള്‍ അതിശയോക്തിയല്ലെന്ന് അനുഭവപ്പെടുത്തുന്നുതാണ് പേരന്‍പ്. താന്‍ അനുഭവിക്കുന്ന ശൂന്യതയെക്കാള്‍ എത്രയോ ഇരട്ടിയാണ് മകള്‍ ഓരോ നിമിഷവും നേരിടുന്ന പ്രതിബന്ധങ്ങളെന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് അമുദവന്‍ അയാളിലെ അച്ഛനെ വീണ്ടെടുക്കുന്നത്. താരതമ്യമോ, സാമ്യമോ സാധിക്കാത്തത്ര ഭാവഭദ്രമാണ് പേരന്‍പിലെ മമ്മൂട്ടി. മകള്‍ക്ക് തന്നോടുള്ള അപരിചിതത്വവും അകലവും മാറ്റാനായി, പാപ്പയെ സന്തോഷിപ്പിക്കാനായി അമുദന്‍ അവള്‍ക്ക് മുന്നില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നൊരു സിംഗിള്‍ ഷോട്ടുണ്ട്. പല ഭാഷകളിലായി പാടുന്ന, പാട്ടിനൊത്ത് പലമട്ടില്‍ ചുവടുവയ്ക്കുന്ന, ഒടുവില്‍ അവള്‍ക്ക് പരിചിതമായൊരു ശബ്ദത്തിലേക്ക് തിരിച്ചുവരുന്നു. അതും ഫലിക്കാതെ വരുമ്പോള്‍ നിസഹായത ശരീരഭാഷയാക്കി, ഇടറിയും, ഹൃദയം പൊടിഞ്ഞും,ഉള്ളിലെ സങ്കടക്കലടത്രയും പുറന്തള്ളുന്നൊരു ശൂന്യനായ മനുഷ്യന്‍. അമുദവനെ നിശ്വാസത്തില്‍ പോലും വിട്ടുപോകാതെയാണ് മമ്മൂട്ടിയുടെ പെര്‍ഫോര്‍മന്‍സ് എന്ന് മനസിലാകുന്ന രംഗം കൂടിയാണിത്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ, ഉള്ളു തുറന്ന് ഇടപെടാന്‍ പോലും ഒരാളില്ലാത്ത ഏകാന്തതയില്‍ അമുദവന്‍ പുലര്‍ത്ത നിസംഗതയെ സ്വാംശീകരിക്കുന്ന ഭാവസൂക്ഷ്മത കാണാം. പുറമേക്ക് അഭിനയിക്കുന്നതിനേക്കാള്‍ കഥാപാത്രത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട് ഇടപെടുകയാണ് മമ്മൂട്ടി.

അമുദവന് അയാളുടെ തേങ്ങലുകളെയും ഉള്‍വ്യഥയെയും പരിഭവങ്ങളെയും തുറന്നുവിടേണ്ടത് തനിക്ക് മുന്നില്‍ തന്നെയാണ്. അല്ലെങ്കില്‍ പ്രകൃതിക്ക് മുന്നിലാണ് അമുദവന്റെ വിനിമയങ്ങളത്രയും. മമ്മൂട്ടി എന്ന നടന് മേല്‍ കഥാപാത്രമെന്ന നിലയ്ക്കുള്ള ദൗത്യം വലുതാണ്. മുമ്പ് കൈകാര്യം ചെയ്യാത്തൊരു കഥാപാത്രസൃഷ്ടിയുമാണ് ഈ രീതിയില്‍ നോക്കിയാല്‍ അമുദവന്‍. സര്‍വം തകര്‍ന്നുനില്‍ക്കുന്നൊരു മനുഷ്യനെ, അയാളിലെ ശൂന്യതയെ മമ്മൂട്ടിയോളം മികച്ചതായി മറ്റൊരു നടന്‍ അവതരിപ്പിച്ചിട്ടില്ല. സ്‌നേഹവും സഹനവും കാര്‍ക്കശ്യവും വാല്‍സല്യവുമൊക്കെ ഭാവസൂക്ഷ്മതകളായി ഞൊടിയിടെ മാറിമറിയുന്ന മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രങ്ങളുണ്ട്.

മമ്മൂട്ടിയിലെ അഭിനേതാവിനെ പലകാലങ്ങളിലായി പഠനവിധേയമാക്കിയിട്ടുള്ളത് കൂടുതലും ഇത്തരം റോളുകളിലാണ്. തിരസ്‌കൃതനും സ്‌നേഹയാചകനുമായ മനുഷ്യനായി മമ്മൂട്ടിയുടെ പകര്‍ന്നാട്ടങ്ങള്‍ ഈ പറഞ്ഞവയോളം വിലയിരുത്തപ്പെട്ടിട്ടില്ല. നടിക്കുന്ന കാലത്തിനൊപ്പവും, കഥ പറച്ചിലിന്റെ ശൈലീമാറ്റത്തിനൊപ്പവും മമ്മൂട്ടി തന്നിലെ നടനെ പുതുക്കി, പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന്റെ കാഴ്ചയാണ് പേരന്‍പ്. മമ്മൂട്ടി അഭിനയത്താല്‍ അനശ്വരമാക്കിയ മുന്‍കഥാപാത്രങ്ങളെയെല്ലാം മാറ്റി വച്ചാലും ഈ നടന്റെ അഭിനയചാതുരിയെ വിലയിരുത്താന്‍ പാകത്തിലൊരു സിനിമ. വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെത്തിയ തമിഴ് ചിത്രവുമായിരുന്നു പേരന്‍പ്.

യാത്ര (വൈ എസ് ആര്‍)

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത ചിത്രമായിരുന്നു മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര. 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തിരുന്നത്. തെലുങ്ക് ജനതയുടെ വികാരവായ്പായിരുന്ന രാജണ്ണയെ സ്‌ക്രീനില്‍ പ്രതിനിധീകരിച്ചപ്പോള്‍ കൃത്യമായ ഗൃഹപാഠങ്ങളോടെയാണ് മമ്മൂട്ടി കഥാപാത്രമായി മാറിയത്. രാജശേഖര റെഡ്ഡിയെ അധികാരത്തിലെത്തിച്ച പദയാത്രയെ ആധാരമാക്കിയായിരുന്നു യാത്ര.

വാമൊഴിയുടെ അതിരുകളെ പല കഥാപാത്രങ്ങളിലായി താണ്ടിയ നടന്‍ ഭാഷയുടെ അതിരുകളെ ഭാവവൈവിധ്യതയാല്‍ അപ്രത്യക്ഷമാക്കുന്ന കാഴ്ചയായിരുന്നു അമുദനും വൈ എസ് ആറും.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം, രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വന്‍ എന്നിവയാണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT