നല്ല പ്രേക്ഷകരുണ്ടെങ്കിലേ നല്ല സിനിമയുണ്ടാകൂ എന്ന് നടൻ മമ്മൂട്ടി. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമയും മാറൂ എന്നും പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. മോശം സിനിമകൾ കാണാതെയിരിക്കുകയും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സ്വഭാവികമായും സിനിമകൾ നന്നാവുമെന്നും മമ്മൂട്ടി പറയുന്നു. സമീപകാലത്തെ മലയാള സിനിമയുടെ വിജയങ്ങളെ മുൻ നിർത്തി മലയാള സിനിമയാണോ അതോ പ്രേക്ഷകരാണോ മാറുന്നത് എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് ടർബോയുടെ പ്രസ്സ് മീറ്റിൽ മമ്മൂട്ടി മറുപടി പറഞ്ഞത്.
മമ്മൂട്ടി പറഞ്ഞത്:
പ്രേക്ഷകർ മാറിയാലേ സിനിമ മാറുള്ളൂ. പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നത്. കൊള്ളില്ലാത്തത് കാണാതെ ഇരിക്കുകയും നല്ലത് കാണുകയും ചെയ്യുമ്പോൾ സ്വഭാവികമായും സിനിമ നന്നാവും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവു. അതിൽ തർക്കമൊന്നുമില്ല.നമ്മുടെ ആളുകൾ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടും നല്ല സിനിമ കാണാൻ വരുന്നത് കൊണ്ടുമാണ് നല്ല സിനിമയുണ്ടാവുന്നത്. മറ്റ് ഭാഷകളിൽ കണ്ടില്ലേ അവർക്ക് പ്രേക്ഷകരെ അറിയാത്തതുകൊണ്ടാണ് അവർ പരാജയയപ്പെട്ടുപോകുന്നത്. പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത്. പൂർണ്ണമായിട്ടും.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. രാജ് ബി ഷെട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. ഒരു ആക്ഷൻ മാസ്സ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം മെയ് 23 ന് തിയറ്ററിലെത്തും. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.