എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ഏറെ കാത്തിരിപ്പിന് ശേഷം ഒടിടിയിലേക്ക്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രങ്ങൾ സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാല റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒ.ടി.ടി.യിൽ കാണാനാകും. ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും. എം.ടി ആന്തോളിയുടെ ലോഞ്ചും റിലീസ് പ്രഖ്യാപനവും ജൂലൈ 15ന് കൊച്ചിയിൽ നടക്കും. കമൽഹാസനാണ് മനോരഥങ്ങൾ ലോഞ്ച് ചെയ്യുന്നത്. എം.ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്.
സംവിധായകരായ പ്രിയദര്‍ശന്‍,ജയരാജ്,ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. ഇതിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ‘ശിലാലിഖിതം’ എന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.
ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എം.ടി വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.
ഷെർലക്ക് എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എംടിയുടെ മകള്‍ അശ്വതി ശ്രീകാന്ത് ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.ടിയുടെ വിൽപ്പന എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്.