കേരളവര്‍മ പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടി നായകനാകുന്ന മറ്റൊരു ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറിങ്ങി. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇത് മുന്‍നിര്‍ത്തി തന്നെയാണ് ഫസ്റ്റ് ലുക്കും ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മുന്‍പ് ചിത്രം സംവിധാനം ചെയ്യാനിരുന്ന സജീവ് പിള്ളയുടെ പേര് പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മാമാങ്കം.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന് ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ് സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര,പ്രചി തേലാന്‍, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെയും യുവനടന്‍ ധ്രുവിനെയും മാറ്റിയതിനെ തുടര്‍ന്ന് ചിത്രം വിവാദത്തിലായിരുന്നു. പിന്നീട് ബിഗ് ബജറ്റില്‍ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ റീ ഷൂട്ട് ചെയ്തിരുന്നു. ആദ്യ ഷെഡ്യൂളില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സജീവ് പിള്ളയ്ക്ക് പകരം എം പദ്മകുമാര്‍ സംവിധായകനായപ്പോള്‍ തിരക്കഥയിലും സംഭാഷണത്തിലും പുതിയ രചയിതാവെത്തി. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന്റെ സംഭാഷണവും അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേയും.
മനോജ് പിള്ള ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ശ്യാം കൗശലാണ്. എം ജയചന്ദ്രനാണ് സംഗീതം. മോഹന്‍ദാസ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി കൂറ്റന്‍ സെറ്റ് വര്‍ക്കുകളും നടന്നിരുന്നു.