നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ഡിപിസിഎഡബ്ല്യു തലവൻ ക്രിസ്റ്റഫർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. ഒരു പക്കാ ഇൻവസ്റ്റിഗേഷൻ ത്രില്ലറാണെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.
ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന വിനയ് റായുടെ കാരക്ടർ പോസ്റ്ററും മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സീതാറാം ത്രിമൂർത്തി എന്ന വില്ലനായാണ് വിനയ് റായ് ചിത്രത്തിലെത്തുന്നത്. വിനയ് റായുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.
'ജോര്‍ജ് കൊട്ടരക്കാന്‍' എന്ന പോലീസുകാരനായി ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സ്നേഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖും, എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജുമാണ്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിക്കുന്നത് ഷാജി നടുവിലും, വസ്ത്രാലങ്കാരം പ്രവീൺ വർമ്മയുമാണ്.
ആർ.ഡി ഇല്യൂമിനേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് സുപ്രീം സുന്ദർ.
2010 ൽ റിലീസ് ചെയ്ത പ്രമാണിക്കു ശേഷം മമ്മൂട്ടി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രമാണ് ക്രിസ്റ്റഫർ. നിസ്സാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ റോഷാക്ക് ആണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ഒടുവിലെ ചിത്രം.