മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ബ്രില്യന്റ് പ്രൊജക്ടെന്ന് നിർമാതാവ് ജോബി ജോർജ്ജ്. തന്റെ നേതൃത്വത്തിലുള്ള ഗുഡ് വില‍്‍ എന‍്റര‍്ടെയിൻമെന്റ് ചെയ്യാനിരുന്ന സിനിമയാണ്. സ്ക്രിപ്റ്റ് മുഴുവനായി കേട്ടിരുന്നു, അത് വല്ലാത്തൊരു സിനിമയായി മാറും. മൈൽസ്റ്റോൺ മീഡിയ അഭിമുഖത്തിലാണ് പ്രതികരണം. ശ്രീലങ്ക, ഡൽഹി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലായി 80 കോടി ബജറ്റിൽ ഒരുങ്ങുന്ന മഹേഷ് നാരായണൻ ചിത്രം പ്രഖ്യാപന ഘട്ടത്തിൽ തന്നെ ചർച്ചയായിരുന്നു.
മഴവിൽ മനോരമ-അമ്മ താരനിശയ്ക്ക് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന സിനിമയെക്കുറിച്ച് ആദ്യ വാർത്ത പുറത്തുവരുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ആന്റണി പെരുമ്പാവൂർ ഇരിക്കുന്ന ചിത്രത്തിനൊപ്പം ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു എന്നതായിരുന്നു കാപ്ഷൻ.നിർമ്മാതാവ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും പിന്നീട് ഈ പ്രൊജക്ട് സ്ഥിരീകരിച്ചു. ഇപ്പോഴിതാ 16 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
80 കോടിക്ക് മുകളിൽ മുടക്കുമുതലിലാണ് ചിത്രം. മമ്മൂട്ടി 100 ദിവസത്തിലേറെ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമാകും. മമ്മൂട്ടിക്കൊപ്പം തുല്യമായ കഥാപാത്രമായാണ് മോഹൻലാൽ എത്തുകയെന്നറിയുന്നു. നവംബറിൽ ചിത്രീകരണമാരംഭിക്കും. ശ്രീലങ്ക, ലണ്ടൻ, ന്യൂ ഡൽഹി, ഹൈദരാബാദ്, കൊച്ചി എന്നീ ലൊക്കേഷനുകൾക്കൊപ്പം കൂടുതൽ വിദേശ ലൊക്കേഷനുകളുമുണ്ടാകും. മാലിക്, സീ യു സൂൺ, അറിയിപ്പ് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, മമ്മൂട്ടി കമ്പനി, ആശിർവാദ് സിനിമാസ് എന്നിവരെ കൂടാതെ മറ്റ് ബാനറുകൾ കൂടി സിനിമയുടെ നിർമ്മാതാക്കളായി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയിലാണ് മമ്മൂട്ടിയും മോഹൻലാലും മുഴുനീള കഥാപാത്രങ്ങളായി ഒടുവിൽ ഒന്നിച്ചെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു.
1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചത്. കമ്മാരൻ എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രത്തെയാണ് പടയോട്ടത്തില‍് മമ്മൂട്ടി അവതരിപ്പിച്ചത്. അഹിംസ, വാര്‍ത്ത,ഗീതം, പടയണി, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങി അമ്പതിലേഖെ സിനിമകൾ ഇരുവരും ഒന്നിച്ചെത്തി. ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നിർമ്മിച്ച ഹരികൃഷ്ണൻസ് ഇരുവരുടെ ടൈറ്റിൽ റോളിൽ ഒന്നിച്ചെത്തി വിജയം വരിച്ച സിനിമയാണ്.
നേരത്തെ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി ഈ ചിത്രത്തിലുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. താരനിരയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആന്റണി പെപ്പെ തുടങ്ങിയവരുടെ പേരുകളും പുറത്തുവരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ കൂടുതൽ വിവരങ്ങൾ അറിയാനാകും. നിലവിൽ നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പം ലണ്ടനിൽ ലൊക്കേഷൻ ഹണ്ടിലാണ് മഹേഷ് നാരായണൻ. നവംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകള‍്‍.