എംടിയുടെ തിരക്കഥകൾ വായിച്ചിട്ടാണ് തിരക്കഥയുടെ സാഹിത്യം നാം മനസ്സിലാക്കുന്നത് എന്ന് നടൻ മമ്മൂട്ടി. ഒരു സാഹിത്യ രൂപം എന്ന തരത്തിൽ തിരക്കഥയ്ക്ക് ഒരിക്കലും വായനക്കാരുണ്ടായിരുന്നില്ലെന്നും എംടിയുടെ കഥകൾ തിരക്കഥകളായാണ് താൻ വായിക്കാറുള്ളത് എന്നും മമ്മൂട്ടി പറയുന്നു. കഡുഗണ്ണാവ എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത് പിന്നീട് അത് ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ എന്നെ കുറുക്കി എടുത്തിരിക്കുകയാണ് സിനിമയിൽ. കുറച്ചേയുള്ളൂ. എങ്കിലും നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സിനിമയായിരിക്കും അത് എന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'മനോരഥങ്ങൾ' എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടി പറഞ്ഞത്:
'കഡുഗണ്ണാവ' ഒരു കഥ മാത്രമല്ല രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തിനെ സമീപിച്ചിരുന്നു. അതിന്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വെെകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. വേറെ ഒരുപാട് കഥകളുണ്ട് ഇതിൽ എല്ലാത്തിലും അഭിനയിക്കാൻ എനിക്ക് ആഗ്രഹവുമുണ്ട്. എല്ലാം എനിക്ക് തരില്ല എന്നത് കൊണ്ട് ഒന്ന് മാത്രമേ കിട്ടിയുള്ളൂ. എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ് ഇത്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത് പിന്നീട് അത് ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ എന്നെ കുറുക്കി എടുത്തിരിക്കുകയാണ് സിനിമയിൽ. കുറച്ചേയുള്ളൂ. എങ്കിലും നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സിനിമയാണ്. നമ്മൾ എല്ലാവരും എംടിയെ വായിക്കാനോ ഇഷ്ടപ്പെടാനോ തുടങ്ങിയ കാലത്തുള്ള തറവാടും വിദേശത്ത് പോയ അച്ഛനും ഒക്കെയുള്ള കഥയാണ് ഇത്, അത് രഞ്ജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഞങ്ങൾ സിലോണിൽ ഒക്കെ പോയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മഹേഷ് പറഞ്ഞത് പോലെ ഞങ്ങളും ഫോറിനിലാണ് ഈ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു സാഹിത്യ രൂപം എന്ന നിലയിൽ തിരക്കഥയ്ക്ക് വായനക്കാരുണ്ടായിരുന്നില്ല. എംടിയുടെ തിരക്കഥകൾ വായിച്ചിട്ടാണ് തിരക്കഥയിലെ സാഹിത്യം നാം മനസ്സിലാക്കുന്നത്. അതിന് മുമ്പ് സിനിമകളും ലോകോത്തര തിരക്കഥകളും ഉണ്ടായിട്ടുണ്ട്. മലയാളത്തെ സംബദ്ധിച്ചിടത്തോളം തിരക്കഥ അച്ചടിച്ച് എംടിയാണ് അതിന് ആരംഭം കുറിച്ച ആൾ. അതിന് പിൽക്കാലത്ത് സിനിമ വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ആ തിരക്കഥകൾ ഉപകാരപ്പെട്ടിട്ടുണ്ട്. ഞാൻ എംടിയുടെ കഥകൾ വായിക്കുമ്പോൾ അത് തിരക്കഥയായിട്ടാണ് കാണുന്നത്, എനിക്ക് എഴുതാൻ പറ്റിയില്ലെങ്കിലും. അതിലെ ഏതെങ്കിലുമൊരു കഥാപാത്രമായി മാറുന്ന സ്വഭാവം പണ്ടുമുതലേയുണ്ട്, ഇപ്പോഴുമതേ. ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് ചെറുകഥകൾ ഞാൻ വായിക്കാൻ വേണ്ടി അദ്ദേഹത്തിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. അതായത് കഥ വായിക്കുകയാണ് ഞാൻ. അത് വായിച്ച് ഏതെങ്കിലും ഒരു ചാനലിനോ യൂട്യൂബിനോ കൊടുക്കാൻ വേണ്ടി വായിച്ചതാണ്. ഇതുവരെ അത് നടന്നിട്ടില്ല. അതിൽ ഏതെങ്കിലും ഒരു കഥ എടുത്തുകൊള്ളാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് തെരഞ്ഞെടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് അത് നീണ്ടു പോയത്. ഇത് മലയാളത്തിലെ ആദ്യ സംരംഭം പോലെയാണ്. എംടിക്ക് പ്രായമായിട്ടില്ല. എംടിക്ക് ഒരു വർഷം കൂടി ആയതേയുള്ളൂ. എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.