സംവിധായകൻ ബാലയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വളച്ചൊടിച്ചുവെന്ന് നടി മമിത ബെെജു. തന്നെ ഒരു മികച്ച നടിയാകാൻ സഹായിക്കുന്നതിനായി അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ടെന്നും സിനിമ ഷൂട്ടിനിടെ മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അനുഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറയാൻ താൻ ആഗ്രഹിക്കുന്നു എന്നും മമിത ബെെജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറയുന്നു. മറ്റ് പ്രൊഫഷണൽ കമ്മിറ്റ്മെന്റുകൾ കാരണമാണ് ബാല സാറിന്റെ സിനിമ ഒഴിവാക്കിയതെന്നും ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥ പരിശോധിക്കാനായി തന്നെ ബന്ധപ്പെട്ട എല്ലാ മാധ്യമങ്ങളോടും നന്ദി പറയുന്നുവെന്നും മമിത വ്യക്തമാക്കി. ‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ സംവിധായകന്‍ ബാല തന്നെ വഴക്ക് പറഞ്ഞുവെന്നും അടിച്ചു എന്നും മമിത പറയുന്ന വീഡിയോ മുമ്പ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു.
മമിത ബെെജുവിന്റെ സ്റ്റോറി:
ഒരു തമിഴ് സിനിമയിലെ എന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഓൺലെെനിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ നിന്നും ഞാൻ പറഞ്ഞ വാക്കുകൾ എടുത്തുമാറ്റി തെറ്റായി വ്യഖ്യാനിക്കുകയും നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിക്കുകയും ചെയ്തതാണ്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ തുടങ്ങി ഒരു വർഷത്തോളം ഞാൻ ബാല സാറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു മികച്ച നടനാകാൻ എന്നെ സഹായിക്കാൻ അദ്ദേഹം എപ്പോഴും സഹായിച്ചിട്ടുണ്ട്. ആ സിനിമയുടെ ജോലിക്കിടെ മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അനുഭവിച്ചിട്ടില്ലെന്ന് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റ് പ്രൊഫഷണൽ പ്രതിബദ്ധതകൾ കാരണം ഞാൻ പിന്നീട് ആ സിനിമ ഒഴിവാക്കി. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വാർത്ത പരിശോധിക്കാൻ എന്നെ ബന്ധപ്പെട്ട മീഡിയ ഹൗസുകളോടും ഞാൻ നന്ദി പറയുന്നു.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറുകയും നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വന്നതുമായ സാഹചര്യത്തിലാണ് മമിതയും ചിത്രത്തിൽ നിന്ന് പിന്മാറുന്നത്.