ആൾക്കൂട്ടത്തിനുള്ളിൽ പോകുമ്പോൾ പേടി തോന്നാറുണ്ടെന്നും വ്യക്തി പരമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി മമിത ബെെജു. മോശം തരത്തിലൂള്ള ഒരൊറ്റ എക്സ്പീരിയൻസ് ഉണ്ടായാൽ പിന്നീട് അതുപോലെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ പേടി ഉണ്ടാവാറുണ്ടെന്നും മമിത പറയുന്നു. തിക്കും തിരക്കുമുള്ള സാഹചര്യത്തിൽ നിൽക്കുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം ഒന്ന് മാറിപ്പോയാൽ അങ്ങോട്ടേക്ക് മാത്രം ക്യാമറ തിരിക്കുന്ന ആളുകളുണ്ട് അവരോടൊക്കെ എന്ത് പറയാനാണ്? ചില സമയത്ത് ഒക്കെ ഇത്തരം കാര്യങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്ത് വിടാറുണ്ടെന്നും മമിത പറയുന്നു. അടുത്തിടെയാണ് നടൻ ദുൽഖർ സൽമാൻ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അതിനെ അടിസ്ഥാനാമാക്കി അവതാരകൻ ചോദിച്ച ചോദ്യത്തിനാണ് മമിതയുടെ മറുപടി. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
മമിത പറഞ്ഞത്
വ്യക്തിപരമായി എനിക്ക് ആ അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു എക്സ്പീരിയൻസ് ഉണ്ടായാൽ തന്നെ, പിന്നീട് നമ്മൾ രണ്ടാമത് ഇതുപോലെ ഒരു സമാന സ്ഥലത്ത് പോകുമ്പോൾ ഒരു പേടി ഉണ്ടാവാറുണ്ട്. അത് അനുഭവിച്ചിട്ടുള്ളവർക്ക് അത് ശരിക്കും അറിയാം. ഞാൻ ഒട്ടും കോൺഷ്യസ് അല്ല, കോൺഷ്യസ് ആയി തുടങ്ങിയാൽ അത് ഭയങ്കരമായി തന്നെ മുഖത്ത് അറിയും. എല്ലാർക്കും ഉള്ളത് മാത്രമല്ലേ നമുക്കും ഉള്ളൂ. പ്രത്യേകിച്ച് എക്സ്ട്രാ ഫിറ്റിങ്ങ് ഒന്നുമില്ലല്ലോ? ഞാൻ എനിക്ക് കംഫർട്ടബിളായിട്ടുള്ള ഒരു ഡ്രസ്സ് ആയിരിക്കും ഇട്ടോണ്ട് പോവുക, പക്ഷേ ചില സമയത്ത് ഈ പറഞ്ഞ പോലെ തിക്കും തിരക്കും ഒക്കെ ആണെങ്കിൽ അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മുടെ ചിലപ്പോൾ സാരി ചിലപ്പോൾ മാറി പോകാം. അത് ചിലപ്പോൾ എന്റെ കണ്ണിൽ പെടില്ല, കണ്ടാൽ സാരി അതിന് അനുസരിച്ച് അറേഞ്ച് ചെയ്യും, അങ്ങനെയുള്ള സമയത്ത് ക്യാമറ അങ്ങോട്ടേക്ക് തന്നെ ഫോക്കസ് ചെയ്യും. അതിന് ഇപ്പോൾ എന്ത് പറയാനാണ്. എത്രമാത്രം റിപ്പോർട്ട് ചെയ്യാൻ കഴിയും ഇതെല്ലാം. നമ്മൾ എപ്പോഴും ഇത് നോക്കിയല്ലല്ലോ ഇരിക്കുന്നത്. എനിക്ക് ഇതിനോടൊന്നും താൽപര്യമില്ല, ഞാൻ ഇതൊക്കെ കണ്ടാൽ മാറ്റി വിടാറേ ഉള്ളൂ. വസ്ത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ അത് ക്യാമറയിൽ പകർത്താൻ തന്നെ ആളുകൾ ഉണ്ടാവുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും. ഞാൻ ചിലപ്പോൾ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരിക്കും, അല്ലെങ്കിൽ മെെക്കിൽ സംസാരിക്കുകയാവും, ആ സമയത്ത് ഞാൻ ഇതൊക്കെ നോക്കാൻ പോവില്ലല്ലോ? ഇതൊക്കെ കണ്ടിട്ട് എന്ത് കിട്ടാനാണ്? ചിലതൊക്കെ ഞാൻ റിപ്പോർട്ട് ചെയ്യാറുണ്ട്. സിനിമയിലെ റിയാക്ഷൻസ് ഒക്കെ എടുത്തിട്ട് വേറൊരു രീതിയിലാക്കി വരുന്ന വീഡിയോസ്, അതിപ്പോ എന്റെ എന്നല്ല എനിക്ക് അറിയാവുന്ന ആരുടേതാണെങ്കിലും ഞാൻ റിപ്പോർട്ട് ചെയ്യാറുണ്ട്. ഒരെണ്ണം റിപ്പോർട്ട് ചെയ്താൽ പിന്നെയും മറ്റൊരു അഞ്ചെണ്ണം വരും.
നിവിൻ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് മമിതയുടേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ചിത്രത്തിൽ രാമചന്ദ്ര ബോസ് എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓണം റിലീസായി ആഗസ്റ്റ് 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.