മാലിക് റിലീസ് ആയതിന് പിന്നാലെ സിനിമയുടെ മേക്കിങ് ബ്രില്ലിയൻസിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ ആമസോൺ പ്രൈം വീഡിയോ യൂട്യൂബ് ചാനലിലൂടെ സിനിമയുടെ ബിഹൈൻഡ് ദി സീൻസ് പുറത്ത് വന്നിരിക്കുന്നു. സിനിമയുടെ തുടക്കത്തിലുള്ള പന്ത്രണ്ട് മിനിറ്റ് ദൈർഖ്യമുള്ള സിംഗിൾ ഷോട്ടിനെക്കുറിച്ചും വിഎഫ്എക്സ് ഉപയോഗിക്കാതെ എക്സ്പ്ലോഷൻ സെറ്റ് ചെയ്തതിനെക്കുറിച്ചുമെല്ലാം സംവിധായകൻ മഹേഷ് നാരായണനും ക്യാമറാമാൻ സാനു വർഗീസും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
ഒന്ന് രണ്ട് മൂന്ന്.. എന്നിങ്ങനെ കൗണ്ടിലൂടെയായിരുന്നു സിനിമയുടെ ആരംഭത്തിലുള്ള സിംഗിൾ ഷോട്ടിൽ കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറി പ്ലാൻ ചെയ്‍തത്. സംവിധായകൻ മഹേഷ് നാരായണൻ ക്യാമറാമാൻ സാനു വർഗീസ്, ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട് എന്നിവർ സിനിമയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ വീഡിയോയിൽ പങ്കുവെച്ചു.
ആറേക്കറിലെ സെറ്റിനുള്ളിലായിരുന്നു മാലിക് സിനിമയുടെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് സിനിമയ്ക്ക് വേണ്ടി ഫിക്ഷണലായ ഒരു ലാൻഡ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. സിനിമയുടെ ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ തൊണ്ണൂറ് ശതമാനവും വിഎഫ്ക്സ് ഉപയോഗിച്ചിരുന്നു. യാഥാർഥ്യവുമായി ചേർന്ന് പോകുന്നതിനാൽ പ്രേക്ഷകർക്ക് വിഎഫ്ക്സിന്റെ ഇടപെടൽ മനസ്സിലാക്കുവാൻ സാധ്യതയില്ലെന്ന് മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു.