Film News

ബോക്‌സ് ഓഫീസ് റെക്കോര്‍ഡില്‍ ഒന്നാമന്‍ മോഹന്‍ലാല്‍, മലയാളത്തില്‍ 100 കോടി ചിത്രങ്ങള്‍ ഇതുവരെ

തമിഴിനും തെലുങ്കിനും ബോളിവുഡിനും 100 കോടി ക്ലബ് എന്നത് അതിസാധാരണമായ കാലത്തൊന്ന് മലയാള സിനിമാ വ്യവസായത്തിന് അത്തരമൊരു സ്വപ്നം വിദൂരമായിരുന്നു. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത് 2016 ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറ് കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രമായതോടെ മലയാളത്തിലും ബോക്‌സ് ഓഫീസിലെ ഡ്രീം നമ്പര്‍ ആയി 100 കോടി ക്ലബ്. മലയാളത്തിലെ ആദ്യ നൂറ് കോടി കളക്ഷന്‍, 150 കോടി കളക്ഷന്‍, ഇപ്പോള്‍ 200 കോടി ക്ലബ്ബ്. നിര്‍മ്മാതാക്കളുടെ പ്രഖ്യാപന പ്രകാരം ഈ റെക്കോര്‍ഡുകളെല്ലാം നിലവില്‍ മോഹന്‍ലാലിന്റെ പേരിലാണ്. നിലവില്‍ ആഗോള കളക്ഷനില്‍ 200 കോടി പിന്നിട്ട ഏക മലയാള ചിത്രവും പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ ആണ്. ലൂസിഫര്‍ ഗ്ലോബല്‍ റിലീസിംഗിലും മലയാള സിനിമക്ക് പുതിയ സാധ്യതകളാണ് തുറന്നിട്ടത്. ലൂസിഫറിന് പിന്നാലെ കൂടുതല്‍ മലയാള സിനിമകള്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്ന് ചലച്ചിത്ര മേഖല പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടിയായത് കൊവിഡ് കാലമാണ്. കേരളത്തിനൊപ്പം ഗള്‍ഫ് മേഖലകളിലെയും യൂറോപ്പ്-യുഎസ് കളക്ഷനുമാണ് ലൂസിഫറിന് 200 കോടിയിലേക്കുള്ള മുന്നേറ്റം എളുപ്പമാക്കിയത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അന്ന് വെളിപ്പെടുത്തിയിരുന്നത്.

100 കോടി നേട്ടത്തില്‍ മുന്നില്‍ മമ്മൂട്ടി, റെക്കോര്‍ഡുകളില്‍ മോഹന്‍ലാല്‍

മാമാങ്കം, മധുരരാജ എന്നിവയാണ് നൂറ് കോടി ഗ്ലോബല്‍ കളക്ഷനില്‍ നേടിയതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രങ്ങള്‍. 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനിലും അവകാശ തുകകളിലൂടെയും മധുരരാജ 104 കോടി നേടിയതായാണ് നിര്‍മ്മാതാവ്

നെല്‍സണ്‍ ഐപ്പ് പ്രഖ്യാപിച്ചിരുന്നത്. 2022ലെ അവസാന റിലീസുകളിലൊന്നായി എത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം ഒന്നരമാസം കൊണ്ട് 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കളായ കാവ്യ ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്രഖ്യാപിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ

ആദ്യ 100 കോടി കളക്ഷന്‍ ചിത്രവുമായിരുന്നു മാളികപ്പുറം. ജൂഡ് ആന്റണി ചിത്രം 2018 തുടര്‍ദിവസങ്ങളില്‍ 100 കോടി ഗ്രോസ് കളക്ഷനില്‍ നേടിയാല്‍ തുടര്‍ച്ചയായി

രണ്ടാം ചിത്രവും 100 കോടി കടത്തിയ നിര്‍മ്മാണ വിതരണ ബാനറായി ആന്റോ ജോസഫ് ഫിലിം കമ്പനിയും കാവ്യാ ഫിലിംസും മാറും. മാളികപ്പുറവും 2018ഉം നിര്‍മ്മിച്ചത് ഈ രണ്ട് ബാനറുകള്‍ ചേര്‍ന്നാണ്.

ഭീഷ്മപര്‍വം 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപനം നടത്തിയിരുന്നില്ലെങ്കിലും സിനിമ ഡിജിറ്റല്‍-സാറ്റലൈറ്റ് അവകാശങ്ങള്‍ ഉള്‍പ്പെടെ വേള്‍ഡ് വൈഡ് കളക്ഷനില്‍ 115 കോടി നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. കൊവിഡിന് ശേഷം

തിയറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനിട്ട ചിത്രം കൂടിയായിരുന്നു ഭീഷ്മപര്‍വം. വേള്‍ഡ് വൈഡ് ബിസിനസില്‍ റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 102.32 കോടി രൂപ ചിത്രം ആഗോള ബിസിനസില്‍ നേടിയെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പ്രഖ്യാപിച്ചിരുന്നത്. മലയാളത്തിലെ രണ്ടാമത്തെ നൂറ് കോടി ക്ലബ് ചിത്രമായാണ് കായംകുളം കൊച്ചുണ്ണി വിലയിരുത്തപ്പെടുന്നത്. കൊവിഡിന് ശേഷം തിയറ്റര്‍ പ്രേക്ഷകരെ എല്ലാ നിലക്കും തിരികെപ്പിടിച്ച ആദ്യ ചിത്രമായി വിലയിരുത്തപ്പെടുന്ന കുറുപ്പ് ടോട്ടല്‍ ബിസിനസില്‍ 112 കോടി രൂപ നേടിയതായി നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.

2023ല്‍ ചലച്ചിത്ര മേഖല ഗുരുതര പ്രതിസന്ധി നേരിടുകയും തിയറ്ററുകളില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയമടയുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം കളക്ഷനില്‍ പുതിയ റെക്കോര്‍ഡിട്ട് വീണ്ടും സിനിമാ വ്യവസായത്തിന് ജീവശ്വാസമേകിയത്. ഏഴ് ദിവസം കൊണ്ടാണ് 2018 കളക്ഷനില്‍ 50 കോടി ഗ്രോസ് പിന്നിട്ടത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര് നൂറ് കോടി ക്ലബിലെത്തിയിരുന്നത്. അടുത്ത ആറ് ദിവസത്തിനുള്ളില്‍ 2018 നൂറ് കോടി ഗ്ലോബല്‍ കളക്ഷനില്‍ പിന്നിടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. 2023ല്‍ ഇതുവരെയുള്ള തിയറ്റര്‍ കളക്ഷന്‍ പരിഗണിച്ചാല്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ആണ് കളക്ഷനില്‍ 2018ന് പിന്നിലുള്ളത്. ടോട്ടല്‍ ബിസിനസില്‍ 75 കോടിക്ക് മുകളില്‍ രോമാഞ്ചം നേടിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളായി പുറത്തുവന്നത്. ഹൃദയം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകളായിരുന്നു 2022ല്‍ ടോപ് ഗ്രാസ് കളക്ഷന്‍ നേടിയവ.

തകരാത്ത റെക്കോര്‍ഡ്, എട്ട് ദിവസം കൊണ്ട് 100 കോടി

നിലവില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബിലെത്തിയ മലയാള ചിത്രമാണ് ലൂസിഫര്‍. ഓപ്പണിംഗ് ഡേ കളക്ഷനില്‍ മലയാള ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍, ഒടിയന്‍, മരക്കാര് എന്നിവയാണ് മുന്നിലെങ്കിലും വീക്കെന്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഭീഷ്മ ഈ ചിത്രങ്ങളെ പിന്നിലാക്കി. നാല് ദിവസം കൊണ്ട് ഭീഷ്മപര്‍വം 23 കോടിക്ക് മുകളില്‍ നേടിയെന്നാണ് തിയറ്റര്‍ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ദ ക്യുവിനോട് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. 22.4 കോടിയായിരുന്നു ലൂസിഫര്‍ വീക്കെന്‍ഡ് കളക്ഷന്‍. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. മലയാളത്തിലെ ടോപ് ത്രീ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആയിരുന്നു ഭീഷ്മയുടേത്. ഒടിയന്‍ 7.10 കോടി നേടി ഒന്നാമതും മരക്കാര്‍ 6.27 കോടി നേടി രണ്ടാമതും ടോപ് ഗ്രോസ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്നാമത് ഭീഷ്മയുടെ കളക്ഷനാണെന്ന് ബോളിവുഡ് വെബ് സൈറ്റ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെജിഎഫ് ചാപ്റ്റര്‍ സെക്കന്‍ഡ് ആണ് നിലവില്‍ കേരള റിലീസുകളില്‍ ഏറ്റവും വലിയ റിലീസ് ഡേ കളക്ഷന്‍ നേടിയത്. 7 കോടി 25 ലക്ഷം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT