ലോകത്തെ സുപ്രധാന രാജ്യാന്തര ചലച്ചിത്രമേളയായ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രിമിയറിന് പിന്നാലെ 'അറിയിപ്പ്' ബുസാന്‍, ലണ്ടന്‍ എന്നീ മേളകളിലും. ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച സ്വീകരണമാണ് മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങള്‍. കൊവിഡ് തീവ്രതയുടെ കാലത്ത് ഇന്ത്യന്‍ യുവതയും കുടുംബങ്ങളും നേരിടുന്ന തൊഴില്‍ അരക്ഷിതത്വവും കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയുമെല്ലാം ആകര്‍ഷകമായ കഥ പറച്ചിലിനൊപ്പം അവതരിപ്പിച്ച സിനിമ കൂടിയാണ് അറിയിപ്പ്. വാണിജ്യ സിനിമയുടെ നിര്‍ബന്ധങ്ങളോ, ബാധ്യതകളോ ഇല്ലാതെ ഫിലിം മേക്കിംഗ് എന്ന നിലയില്‍ ഒരു കലര്‍പ്പുമില്ലാതെ ചെയ്‌ത സിനിമയെന്നാണ് അറിയിപ്പിനെ ദ ക്യു അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ വിശേഷിപ്പിച്ചത്. ലൊക്കാര്‍ണോ, ബുസാന്‍, ലണ്ടന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പിന്നാലെയാണ് അറിയിപ്പ് സിനിമയുടെ സ്‌ട്രീമിംഗ് അവകാശം നെറ്റ്‌ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെ നെറ്റ്‌ഫ്‌ളിക്‌സിലൂടെ അറിയിപ്പ് പ്രേക്ഷകരിലെത്തും.
ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലും ബുസാന്‍ മേളയില്‍ വിന്‍ഡോ ഓണ്‍ ഏഷ്യന്‍ സിനിമ വിഭാഗത്തിലുമാണ് അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. നോയിഡയിലെ ഒരു മെഡിക്കല്‍ ഗ്ലൗ ഫാക്ടറിയില്‍ ജോലി തേടിയെത്തിയ ഹരീഷ്- രശ്‌മി ദമ്പതികളുടെ കഥയാണ് സിനിമ. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു വീഡിയോ ഇരുവരുടെയും തൊഴിലിനെയും കുടുംബ ജീവിതത്തെയും പ്രതിസന്ധിയിലാക്കുന്നതാണ് അറിയിപ്പിന്റെ പ്രമേയം. ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത സിനിമയാണ് അറിയിപ്പ്.
'ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ നിന്ന് അറിയിപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും അഭിനന്ദനങ്ങളും ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്. 17 വർഷത്തിന് ശേഷം ലോകാർണോയിലെ മത്സര വിഭാഗത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാനും ബുസാനിൽ ഏഷ്യൻ പ്രീമിയർ നടത്താനും അറിയിപ്പിന് സാധിച്ചു. ഇത് വലിയൊരു യാത്ര തന്നെയാണെന്ന്' മഹേഷ് നാരായണൻ വെറൈറ്റിയോട് പറഞ്ഞു.
'മനസാക്ഷിയും വിട്ടുവീഴ്ച്ചയും തമ്മിൽ എല്ലാവരിലും നടക്കുന്ന ആന്തരിക പോരാട്ടാത്തെ കുറിച്ചാണ് അറിയിപ്പ് സംസാരിക്കുന്നത്. കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ നിരവധി പേരുടെ ജീവിതം ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടെന്നും' മഹേഷ് കൂട്ടിച്ചേർത്തു. 'ഫിലിം ഫസ്റ്റിവലുകൾക്ക് ശേഷം 190 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ അറിയിപ്പ് എന്ന പ്രയ്തനം എത്തിക്കാൻ നെറ്റ്ഫിലിക്സിനേക്കാൾ മികച്ച മറ്റൊരു പ്ലാറ്റ്ഫോമില്ലെന്നും' മഹേഷ് അഭിപ്രായപ്പെട്ടു.
കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയ്ക്കും പുറമെ ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഷെബിൻ ബക്കർ, കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ എന്നിവരാണ് നിർമ്മാണം.