കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് നടന്‍ മാധവന്‍. ഇന്ത്യയില്‍ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നപ്പോള്‍ അത് പരാജയമാകുമെന്ന് ലോകം മുഴുവന്‍ കരുതി. എന്നാല്‍ ആ ധാരണകള്‍ മാറി മറഞ്ഞുവെന്നാണ് മാധവന്‍ പറയുന്നത്. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് മാധവന്റെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
മാധവന്‍ പറഞ്ഞത്:
പ്രധാമന്ത്രി ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നപ്പോള്‍ ലോകം മുഴുവന്‍ കരുതി അതൊരു വലിയ പരാജയമായി മാറുമെന്ന്. ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉയര്‍ന്ന് വന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അതിന് മാറ്റം വന്നിരിക്കുന്നു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അതാണ് പുതിയ ഇന്ത്യ.
മെയ് 19നാണ് മാധവന്‍ കേന്ദ്ര കഥാപാത്രമായ ചിത്രം 'റോക്കട്രി ദി നമ്പി ഇഫക്ട്' കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണിത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.