എംടി വാസുദേവന്‍ നായരുടെ പത്തു കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി ഒരുക്കുന്ന ആന്തോളജിയില്‍ എംടിയുടെ മകളും പ്രമുഖ നര്‍ത്തകിയുമായ അശ്വതി വി നായരും സംവിധായികയാകുന്നു. എംടിയുടെ വില്‍പന എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും മധുബാലയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പത്ത് ഹ്രസ്വ ചിത്രങ്ങളടങ്ങുന്ന ആന്തോളജിയുടെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എംടി തന്നെയാണ്. ആന്തോളജിയുടെ ക്രീയേറ്റീവ് പ്രൊഡ്യൂസറും അശ്വതിയാണ്.
ആന്തോളജിയിലെ ആറ് സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായി. അശ്വതിക്ക് പുറമെ പ്രമുഖ സംവിധായകരായ ജയരാജ്, പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. സന്തോഷ് ശിവന്റെ ചിത്രത്തില്‍ സിദ്ദിഖും ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ജയരാജിന്റെ ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുന്നു. ഒന്നില്‍ ബിജു മേനോനും രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രമായെത്തുന്നത്.
എംടിയുടെ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന കഡുഗണ്ണാവ - ഒരു യാത്രാക്കുറിപ്പിന്റെ ചലച്ചിത്രാവിഷ്‌കാരം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശേരിയാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രതീഷ് അമ്പാട്ടിന്റെ സിനിമയില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.