Film News

ചിരഞ്ജീവിയുടെ ലൂസിഫര്‍ റീമേക്ക് ഉപേക്ഷിക്കുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍, സംവിധായകനെ മാറ്റിയെന്നും റിപ്പോര്‍ട്ട്

മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം സ്വന്തമാക്കിയ ലൂസിഫര്‍ തെലുങ്ക് റീമേക്ക് ലോക്ക് ഡൗണ്‍ കാലത്തും വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന റീമേക്ക് പതിപ്പിലെ കാസ്റ്റിംഗ് ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. പ്രഭാസ് ചിത്രം 'സഹോ' സംവിധാനം ചെയ്ത സുജിത് ആണ് റീമേക്ക് ചെയ്യാനിരുന്നത്. തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചതായി തെലുഗു 360 എന്ന വെബ് മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുജീത് നല്‍കിയ തിരക്കഥയുടെ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി തൃപ്തനായിരുന്നില്ലെന്നും ടോളിവുഡ് സിനിമാ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. സുജിതിന് പകരം സൂപ്പര്‍ഹിറ്റ് മേക്കര്‍ വി വി വിനായക് സംവിധായകനായി എത്തുമെന്നും പ്രൊജക്ട് ഉപേക്ഷിച്ചില്ലെന്നുമാണ് ബോളിവുഡ് സിനിമാ വെബ് സൈറ്റായ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ സംവിധായനോ ചിരഞ്ജീവിയോ നിര്‍മ്മാണ കമ്പനിയോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

മൂന്ന് മാസമായി തെലുങ്ക് റീമേക്കിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു സുജിത്. ലൂസിഫര്‍ തെലുങ്ക് പതിപ്പില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ് ദേവര്‍കൊണ്ട പൃഥ്വിരാജ് ചെയ്ത റോളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം പിന്നീട് നിഷേധിക്കപ്പെട്ടു.

കാസ്റ്റിംഗില്‍ മുന്‍നിര അഭിനേതാക്കളെ ലഭിക്കാത്തത് ചിരഞ്ജീവിയില്‍ നിരാശയുണ്ടാക്കിയെന്നും തെലുങ്ക് മാധ്യമങ്ങള്‍ സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് ദേവരകൊണ്ട, ജഗപതി ബാബു, ഖുഷ്ബു തുടങ്ങിയവരെ ചിത്രത്തിനായി സമീപിച്ചിരുന്നു.

കൊരട്‌ല ശിവ സംവിധാനം ചെയ്ത ആചാര്യ ആണ് 2021 റിലീസായി പ്രഖ്യാപിക്കപ്പെട്ടിരുന്നു ചിരഞ്ജീവി ചിത്രം. ലൂസിഫര്‍ റീമേക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ചിരു ആരാധകരും ആഹ്ലാദത്തിലായിരുന്നു. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി പൃഥ്വിരാജിനെ തുടക്കത്തില്‍ സമീപിച്ചിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമയുടെ രചന മുരളി ഗോപിയാണ്. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍ ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ടായിരുന്നു. ഖുറേഷി അബ്രാം എന്ന പേര് കൂടിയുള്ള സ്റ്റീഫന്‍ നെടുമ്പള്ളിയെ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എമ്പുരാന്‍ എന്ന പേരില്‍ ലൂസിഫര്‍ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT