ടൊവിനോ ചിത്രം ARM ന്റെ തിയറ്റർ പ്രിന്റ് വ്യാപകമായി പ്രചരിക്കുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒന്നര വർഷത്തെ പലരുടെയും പരിശ്രമത്തിനെയും സ്വപ്നത്തിനെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. ARM ന്റെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന യാത്രക്കാരന്റെ വീഡിയോ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ഹൃദയഭേദകം എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ഈ വാർത്ത പങ്കുവെച്ചത്. സുഹൃത്താണ് തനിക്ക് ഈ വീഡിയോ അയച്ചു തന്നതെന്നും ടെലിഗ്രാം വഴി കാണേണ്ടവർ കാണട്ടെ എന്നല്ലാതെ എന്തുപറയാനാണെന്നുമാണ് സംഭവത്തെക്കുറിച്ച് ജിതിൻ ലാൽ കുറിച്ചത്.
ലിസ്റ്റിൻ സ്റ്റീഫന്റെ പോസ്റ്റ്:
നന്ദി ഉണ്ട്....ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ.
ഈ നേരവും കടന്നു പോവും
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!
അതേസമയം ക്യാമറയ്ക്ക് ഒരു കുലുക്കവുമില്ലാത്ത പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നും തിയറ്റർ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ എങ്ങനെയാണ് ഇത് സംഭവിക്കുകയെന്നും സംഭവത്തെക്കുറിച്ച് നടൻ ടൊവിനോ പ്രതികരിച്ചു. പൈറസി കാണില്ലെന്ന് നല്ലവരായ പ്രേക്ഷകർ തീരുമാനം എടുക്കുക എന്നത് മാത്രമാണ് ഇതിന് പോംവഴിയെന്നും ടൊവിനോ തോമസ് പറഞ്ഞു.
ജിതിൻ ലാൽ സംവിധാനം ചെയ്ത് സെപ്റ്റംബർ 12 ന് പുറത്തിറങ്ങിയ ചിത്രമാണ് ARM. പുറത്തിറങ്ങി 5 ദിവസം കൊണ്ട് 50 കോടി കളക്ഷനിലേക്ക് അടുക്കുന്ന അവസരത്തിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പിനെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ചിത്രം കൂടിയയാരുന്നു ARM. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ ഉയരുന്നത്.