ഗോളം സിനിമയെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് നടി ലിസി. കഴിഞ്ഞ രാത്രി ചെന്നെെയിൽ വച്ച് ഗോളത്തിന്റെ പ്രീമിയർ ഷോ കണ്ടു എന്നും തീർത്തും ആവേശകരമായ ചിത്രമായിരുന്നു അത് എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ലിസി പറഞ്ഞു. രഞ്ജിത്ത് സജീവിന്റേത് മികച്ച് പ്രകടനമായിരുന്നുവെന്നും എഴുത്തുകാരായ പ്രവീൺ വിശ്വനാഥും സംവിധായകൻ സംജാദും ചേർന്ന് വിസ്മയകരമായ ഒരു ചിത്രമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ലിസി പറഞ്ഞു. ഇത്രയും മികച്ച ഒരു സിനിമ തിയറ്ററിലെത്തിച്ചതിന് പ്രൊഡക്ഷൻ കമ്പനിയായ ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട് ലിസി.
ലിസിയുടെ പോസ്റ്റ്:
എല്ലാവരും പറയുന്നത് പോലെ, 2024 മലയാള സിനിമയ്ക്ക് ഒരു അസാധാരണ വർഷമായി മാറുകയാണ്!. ഇന്നലെ രാത്രി ചെന്നൈയിൽ നടന്ന ഗോളം സിനിമയുടെ പ്രീമിയർ കണ്ടു. ആവേശകരമായ സിനിമ. ഒരു ത്രില്ലിംഗ് സസ്പെൻസ് മൂവി എന്ന് ഞാൻ പറയും, സിനിമ അവസാനിച്ചതിന് ശേഷവും അത് നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും. ഇത്രയും മികച്ച ഒരു സിനിമ സ്‌ക്രീനിൽ കൊണ്ടുവന്നതിന് ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് അഭിനന്ദനങ്ങൾ. രഞ്ജിത്ത് സജീവിന്റേത് തികച്ചും ഗംഭീരമായ പ്രകടനമായിരുന്നു. മൈക്കിലെയും ഖൽബിലെയും അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു, പക്ഷേ ഈ സിനിമയിൽ അദ്ദേഹം അദ്ദേഹത്തെ തന്നെ മറികടന്നു. ചിത്രത്തിൻ്റെ സംവിധാനവും സഹ രചനയും നിർവ്വഹിച്ച സംജാദിന് അഭിനന്ദനങ്ങൾ. എഴുത്തുകാരായ പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് വിസ്മയകരമായ ഒരു ചിത്രം തയ്യാറാക്കിയിരിക്കുന്നു. കഥാതന്തുവിന് എല്ലാ ആഴവും മാനവും നൽകുന്ന ദൃശ്യങ്ങളും ശബ്ദ രൂപകൽപ്പനയും ഉള്ള സിനിമ. ഈ സിനിമയുടെ മുഴുവൻ ടീമും മാറ്റാരും ചെയ്യുന്നതിനെക്കാൾ ഈ സിനിമയെ മികച്ചതാക്കി. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഗോളം.
ദിലീഷ് പോത്തൻ രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംജാദ് സംവിധാനം ചെയ്ത ഇൻവസ്റ്റിഗേറ്റീവ് ക്രെെം ത്രില്ലർ ചിത്രമാണ് ഗോളം. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റിയാണ് നടക്കുന്ന കഥയാണ് ഗോളം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ജൂൺ 7 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് തിയറ്ററിൽ നിന്നും നേടുന്നത്.