ഭ്രമയുഗം കാണാനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് സംവിധായകൻ ലിങ്കുസ്വാമി. ഭ്രമയുഗത്തിന്റെ ട്രെയ്ലർ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ലിങ്കുസ്വാമിയുടെ പ്രതികരണം. മമ്മൂട്ടി സാറിന് മാത്രം എങ്ങനെ ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാൻ സാധിക്കുന്നു എന്നും ഈ സിനിമയിൽ അദ്ദേഹം എന്ത് മാജിക്കാണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുന്നു എന്നും ട്വീറ്റിൽ ലിങ്കു സ്വാമി എഴുതി.
കഴിഞ്ഞ ദിവസമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ഭ്രമയുഗത്തിന്റെ ട്രെയ്ലർ പുറത്തു വന്നത്. ഡെവിളിഷ് ലുക്കിൽ ഭയപ്പെടുത്തുന്ന ചിരിയുമായി എത്തിയ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമായിരുന്നു ഭ്രമയുഗം. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തകൾ കൊണ്ട് തന്നെ മമ്മൂട്ടി ചിത്രങ്ങൾ ഇക്കാലയളവിൽ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കാതലും ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രശംസകൾക്കും ചർച്ചകൾക്കും കാരണമായിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്നൊരു കഥയാണ് ഭ്രമയുഗം. മുൻവിധിയൊന്നുമില്ലാതെ കാണേണ്ട ചിത്രമാണ് ഭ്രമയഗുമെന്നും ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടെന്നും അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയുമെന്നും മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ പറഞ്ഞിരുന്നു. ഒരു സസ്പെൻസ് സ്പേയ്സിൽ നിൽക്കുന്ന ചിത്രമാണ് ഭ്രമയുഗം എന്നും ഭൂതകാലം എന്ന ചിത്രം വേറൊരു ടൈപ്പ് ഹൊറർ ചിത്രമായിരുന്നു എന്നും ഭ്രമയുഗം മറ്റൊരു രീതിയിലുള്ള ഹൊറർ ചിത്രമാണ് എന്നുമാണ് സംവിധായകൻ രാഹുൽ സദാശിവൻ മുമ്പ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
മമ്മൂട്ടി പറഞ്ഞത്:
ഭ്രമയുഗം കാണാൻ വരുന്നവരോട് എനിക്ക് ഒരു അപേക്ഷയുണ്ട്, ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ട് ഞങ്ങൾ ഇങ്ങനെ വിചാരിച്ചു, അങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണ്. സിനിമ ശൂന്യമായ മനസോടെ കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ കഴിയൂ. ഒരു മുൻവിധിയുമില്ലാതെ കാണണം. ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ട.
അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയും. ശുദ്ധമായ മനസോടെ, പ്രസന്നമായി ഈ സിനിമ കാണുക. ഈ സിനിമ ഭയപ്പെടുത്തുമോ ആകുലപ്പെടുത്തുമോ എന്നൊന്നും ഞാൻ പറയുന്നില്ല. പുതുതലമുറയുടെ മലയാള സിനിമയില‍് ഇത് ആദ്യാനുഭവമായിരിക്കും. നമ്മൾ വർണങ്ങളിൽ കാണുന്ന ഒരു പാട് കാഴ്ചകൾ കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്ന സിനിമയാണിത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ഭ്രമയുഗം'. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 15 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.