'അയാളും ഞാനും തമ്മിൽ' എന്ന സിനിമയ്ക്ക് പിന്നിലെ കഥകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. പൃഥ്വിരാജ് പറഞ്ഞിട്ടാണ് ചിത്രത്തിന്റെ കഥ ആദ്യമായി കേൾക്കുന്നത്. ബോബി സഞ്ജയ് ആദ്യം പറഞ്ഞ കഥയല്ല ഇപ്പോഴുള്ള സിനിമയിലുള്ളത്. ആദ്യ കഥയിൽ അമ്മ മരിക്കുന്നതായിയുന്നു. സിനിമയിലേക്ക് പ്രണയം വന്നത് തന്റെ നിർബന്ധപ്രകാരമായിരുന്നു. ഒരുപാട് ആലോചനകൾക്ക് ശേഷം ബോബിയും സഞ്ജയും സിനിമയ്ക്കിട്ട പേരാണ് അയാളും ഞാനും തമ്മിൽ എന്ന് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.
ലാൽ ജോസ് പറഞ്ഞത്:
ഒരു ദിവസം രാജു എന്നെ വിളിച്ചിട്ട് താൻ ഒരു കഥ കേട്ടെന്നും ലാലു ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ അഭിനയിക്കാമെന്നും പറഞ്ഞു. കഥ പറയാൻ ചെന്നവർ അഡ്വാൻസ് കൊണ്ടാണ് വന്നതെന്നും ലാലു ചേട്ടൻ കേട്ടിട്ട് ഓക്കേ ആണെന്ന് പറഞ്ഞാൽ മാത്രമേ താൻ പൈസ വാങ്ങൂ എന്നും രാജു പറഞ്ഞു. അങ്ങനെയാണ് ബോബിയും സഞ്ജയും വന്ന് 'അയാളും ഞാനും തമ്മിൽ' സിനിമയുടെ കഥ പറയുന്നത്.
അന്ന് പറഞ്ഞ കഥ ഇന്നുള്ള സിനിമ പോലെയല്ല. ചില ഭാഗങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയിലെ പ്രണയം എന്റെ നിർബന്ധത്തിൽ വന്നതാണ്. അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ കഥ. അത് കാമുകിയെ നഷ്ടപ്പെടുത്തുന്നതായി ആക്കിയത് എന്റെ നിർദ്ദേശമായിരുന്നു. അന്ന് അവർക്ക് അതിൽ വിരോധമുണ്ടായിരുന്നു. കാമുകിയെ നഷ്ടപ്പെടുമ്പോൾ ദേശ്യം വരുന്നു എന്നുള്ളത് ക്ലീഷെ ആണെന്നാണ് അവർ പറഞ്ഞത്. ക്ലീഷേ ആണെന്ന് പറഞ്ഞ് നമ്മൾ അച്ഛനെ അളിയാ എന്ന് വിളിക്കാറില്ലല്ലോ. പ്രണയം ഉണ്ടാക്കുന്നതുപോലെ ഒരു വേദന മറ്റൊനിനുമില്ല.
സിനിമയിലെ ഒന്നും തന്നെ എളുപ്പത്തിൽ വന്നതല്ല. പേരിടൽ തന്നെ അങ്ങനെ ആയിരുന്നു. വേറെന്തോ പേരായിരുന്നു ആദ്യം ആലോചിച്ചത്. ഞാനും കുറച്ചു പേരുകൾ പറഞ്ഞിരുന്നു. പക്ഷേ ഒരു പേരും നമുക്ക് സന്തോഷം തരുന്നുണ്ടായിരുന്നില്ല. അവസാനം ബോബിയും സഞ്ജയും പറഞ്ഞു, ഒരു പേരുണ്ട് ഇതവസാനത്തെ പേരാണെന്ന്. ഇനി ഞങ്ങൾക്ക് പേര് ആലോചിക്കാൻ വയ്യ എന്ന് പറഞ്ഞിട്ടാണ് അയാളും ഞാനും തമ്മിൽ എന്ന പേര് അവർ പറയുന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് ഓക്കേ ആയി. ഇതിനു വേണ്ടിയിട്ടാണ് നമ്മൾ ഇത്രയും ആലോചിച്ചത് എന്ന് എനിക്ക് തോന്നി. ശരിയായ ഒരു പേര് വരാനുണ്ടെന്ന് മുൻപ് ആലോചിച്ചപ്പോൾ മുഴുവൻ തോന്നിയിരുന്നു. ആ പേരാണ് സിനിമയുടെ ഴോണർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പിക്കുന്നത്.
പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ റിലീസായത് 2012 ലായിരുന്നു. ബോബി & സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സംവൃത സുനിലായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.