ലാൽ സിംഗ് ഛദ്ദ എന്ന ചിത്രം പരാജയപ്പെടാൻ കാരണം ഒരു പെർഫോമർ എന്ന നിലയിലുള്ള തന്റെ പോരായ്മയായിരുന്നു എന്ന് നടൻ ആമിർ ഖാൻ. നിരൂപക പ്രശംസ നേടിയ ടോം ഹാങ്ക്‌സിൻ്റെ ഫോറസ്റ്റ് ഗമ്പിൻ്റെ ഹിന്ദി റീമേക്കായിരുന്നു ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലാൽ സിംഗ് ഛദ്ദ. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിടുകയാണ് ഉണ്ടായത്. ചിത്രം പരാജയപ്പെട്ടതിൽ താൻ നിരാശനായിരുന്നു എന്നും വിഷമം തോന്നിയിരുന്നു എന്നും ആമിർ ഖാൻ പറഞ്ഞു. പരാജയങ്ങളാണ് പലതും പഠിക്കാനുള്ള അവസരം ഒരുക്കുക എന്നും ലാൽ സിംഗ് ഛദ്ദയിൽ കാണിച്ച തെറ്റ് അടുത്ത ചിത്രത്തിൽ ആവർത്തിക്കില്ല എന്നും ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയി സംസാരിക്കവേ ആമിർ ഖാൻ പറഞ്ഞു.
ആമിർ ഖാൻ പറഞ്ഞത്:
എന്റെ ലാൽ സിംഗ് ഛദ്ദ എന്ന ചിത്രം വിജയിച്ചില്ല. അതിൽ ഞാൻ വളരെ നിരാശനായിരുന്നു. എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. എന്നെ മാത്രമല്ല ആ സിനിമയ്ക്ക് വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവർക്കും അത് വിഷമമുണ്ടാക്കിയിരുന്നു. ഒരുപക്ഷേ ഞങ്ങൾ നല്ല രീതിയിൽ ചെയ്യാഞ്ഞിട്ടാവാം അത്. അതിൽ കുറവുകൾ വന്നിട്ടുണ്ടാകാം അല്ലെങ്കിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഇത് പഠിക്കാനുള്ള അവസരമാണ് അത്. നിങ്ങളുടെ തെറ്റുകൾ നിങ്ങളെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കും. ഞാൻ എന്റെ ആക്ടിംഗ് കരിയർ ആരംഭിച്ചതിന് ശേഷം തെറ്റിൽ നിന്നാണ് ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിച്ചത്. നിങ്ങൾ തെറ്റ് ചെയ്യുമ്പോഴും വിജയിക്കാതെയിരിക്കുമ്പോഴുമാണ് നമ്മൾ ഏറ്റവും കൂടുതൽ നിരാശരാവുന്നത്. ആ സമയത്ത് ഒരു കാര്യമാണ് നിങ്ങൾ ഓർക്കേണ്ടത്. ഞാൻ എന്തുകൊണ്ട് വിജയിച്ചില്ല, എന്ത് കുറവാണ് സംഭവിച്ചത് അത് മനസ്സിലാക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. ഞാൻ അതാണ് ചെയ്യാറ്. ലാൽ സിംഗ് ഛദ്ദയിൽ ഞാൻ എന്താണ് ചെയ്തത്. എനിക്ക് തോന്നുന്നത് ലാൽ സിംഗ് ഛദ്ദയിൽ ഞാൻ എന്റെ പെർഫോമൻസ് കുറച്ച് ഹെെ പിച്ചിൽ കൊണ്ടു പോയി എന്നാണ്. സിനിമയിലുടനീളം അതിനെ എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് എനിക്ക് അതിനെ തോന്നുന്നത്. ഒരു പെർഫോമർ എന്ന നിലയിൽ അത് എൻ്റെ പോരായ്മയായിരുന്നു. അടുത്ത സിനിമയിൽ അത് തിരുത്താൻ ഞാൻ ശ്രമിക്കും. അതുകൊണ്ട് നിങ്ങളുടെ തെറ്റുകളാണ് നിങ്ങളുടെ ഏറ്റവും വലിയ അധ്യാപകർ.
2022 ആഗസ്റ്റില്‍ 11 ന് റിലീസ് ചെയ്ത ചിത്രമായിരുന്നു ലാൽ സിംഗ് ഛദ്ദ. കരീന കപൂര്‍, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ഫോറസ്റ്റ് ഗംപിന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. സേതുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സംഗീത സംവിധാനം പ്രീതം. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.