Film News

'മുമ്പ് പാട്ടു പാടാനും ഡാൻസ് ചെയ്യാനും വേണ്ടി പൊള്ളാച്ചിയിൽ പോയിരുന്ന ഞാൻ, ഇപ്പോൾ പോകുന്നത് ആളെ കൊല്ലാൻ വേണ്ടിയാ'; കുഞ്ചാക്കോ ബോബൻ

സിനിമ ജീവിതത്തിന്റെ തുടക്കത്തിലെ ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്ന് ഇന്നു കാണുന്ന നടനിലേക്കുള്ള തന്റെ പരിമാണം ഏറെ ആഗ്രഹിച്ചിരുന്നതാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അത്തരം ഒരു പരിണാമത്തിലേക്ക് എത്താൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോഴും ആ പരിശ്രമങ്ങൾ തുടരുകയാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. വ്യത്യസ്തമായ കഥകളിൽ വ്യത്യസ്തമായ കഥാപാത്രമായി മാറുന്ന സിനിമയുടെ മാജിക്ക് താൻ ഇപ്പോൾ ആസ്വദിക്കുകയാണെന്നും ഏത് തരത്തിലുള്ള കഥപാത്രത്തെ കൈകാര്യം ചെയ്യാൻ ഇപ്പോൾ താൻ തയ്യാറാണെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്:

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ആ​ഗ്രഹിച്ച പരിണാമമായിരുന്നു അത്. കരിയറിന്റെ ഫസ്റ്റ് ഹാഫിൽ ഞാൻ ഒരു ഇമേജിൽ തളയ്ക്കപ്പെട്ടിരുന്നു. സെക്കന്റ് ഹാഫിൽ‌ ഞാൻ ഒന്നിൽ നിന്ന് വീണ്ടും തുടങ്ങുകയാണ് ചെയ്തത്. പല സംവിധായകരുടെ കൂടെയും പല തിരക്കഥകൃത്തുക്കളിലൂടെയും പല കഥകളിലൂടെയും പല കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കാൻ ആരംഭിച്ചു. അതിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ആ പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വെറുതേ ഒരു ഉദാഹരണം പറയുകയാണെങ്കിൽ പണ്ട് പൊള്ളാച്ചിയിൽ ഷൂട്ടിം​ഗിന് പോകുന്നത് പാട്ട് പാടാനും ഡാൻസ് ചെയ്യാനും വേണ്ടി മാത്രമായിരുന്നു, ഇപ്പോൾ ഒരു പടത്തിന്റെ ഷൂട്ടിം​ഗിന് ഞാൻ അവിടെ പോയത് രണ്ട് മൂന്ന് പേരെ തട്ടാൻ വേണ്ടിയാണ്. ബോ​ഗയ്ൻവില്ലയിലെ കഥാപാത്രം തന്നെ ഞാൻ അമലിനോട് ചോദിച്ച് വാങ്ങിയ കഥാപാത്രമാണ്. വ്യത്യസ്തമായ കഥകളിൽ വ്യത്യസ്തമായ കഥാപാത്രമായി മാറുന്ന പ്രോസസ്സ് ഞാൻ വളരെ ആസ്വദിക്കാറുണ്ട്. കേന്ദ്ര കഥാപാത്രമല്ല, സഹനടൻ ആണെങ്കിലും, ഹ്യൂമർ ആണെങ്കിലും നെ​ഗറ്റീവ് ആണെങ്കിലും എന്തും ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു ആക്രന്തം ഇപ്പോൾ എനിക്കുണ്ടെന്ന് തോന്നുന്നു.

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ ശ്രിന്ദ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോ​ഗയ്ൻവില്ല. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ബോ​ഗയ്ൻവില്ല എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

SCROLL FOR NEXT