അമൽ നീരദിന്റെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാനെത്തിയ തന്നോട് രണ്ട് സിനിമകളുടെ കഥയാണ് അമൽ പറഞ്ഞതെന്നും അതിൽ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ തിരഞ്ഞെടുക്കാനാണ് അമൽ ആവശ്യപ്പെട്ടതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അമൽ നീരദിന്റെ ആ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നുവെന്നും അത് തന്നെ അതിശയിപ്പിച്ചു കളഞ്ഞുവെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്:
ഒരുപാട് നിർബന്ധിച്ചതിന്റെയും ഒരുപാട് നാളായുള്ള ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും നിർബന്ധിക്കലുകളുടെയും ഒക്കെ ഫലമായിട്ട് സംഭവിച്ചതാണ് ബോഗയ്ൻവില്ല. അമലുമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം എനിക്ക് കുറേ നാളുകളായിട്ട് ഉള്ളതാണ്. അതിനെക്കുറിച്ച് അദ്ദേഹത്തോട് ഞാൻ തന്നെ പറഞ്ഞിട്ടുമുണ്ട്, പല രീതികളിലായി അതിനെക്കുറിച്ച് ഞാൻ അറിയിച്ചിട്ടുമുണ്ട്. ഒരു സിനിമ ചെയ്യാം എന്ന തരത്തിൽ തിരിച്ചൊരു മറുപടി വന്നപ്പോൾ എനിക്ക് ആവേശമായിരുന്നു, വളരെ സന്തോഷം തോന്നിയിരുന്നു. എന്നാൽ എന്നെ അതിശയിപ്പിച്ചൊരു കാര്യം മറ്റൊന്നായിരുന്നു. ഈ പ്രൊജക്ടിന്റെ കാര്യം സംസാരിക്കാൻ വേണ്ടി ഞാൻ ചെല്ലുമ്പോൾ, അദ്ദേഹം രണ്ട് സിനിമളുടെ കഥകളാണ് എന്നോട് പറഞ്ഞത്. ഇതിൽ ഏത് വേണമെന്ന് എനിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അമൽ എന്നൊരു സംവിധായകന്റെ സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെ വന്ന എന്നോട് അദ്ദേഹം ഏതെങ്കിലും ഒരു കഥ പറഞ്ഞ ശേഷം നമുക്ക് ഇത് ചെയ്യാമെന്ന് പറഞ്ഞാൽ ഞാൻ അതിൽ ഓക്കെയായിരുന്നു. എന്നാൽ പകരം എനിക്കൊരു ഓപ്ഷൻ തരികയാണ് അദ്ദേഹം ചെയ്തത്. ഇതിലേതാണ് ചാക്കോച്ചന് ഇഷ്ടം എന്ന തരത്തിലുള്ള ഒരു പരിഗണനയാണ് അദ്ദേഹം എനിക്ക് തന്നത്.
ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ ശ്രിന്ദ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ൻവില്ല. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ബോഗയ്ൻവില്ല എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.