സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, ഇന്നത്തെ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളാണ് നടന്‍ ടൊവീനോ തോമസ് എന്ന് നടി കൃതി ഷെട്ടി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ടൊവീനോയെക്കുറിച്ച് സംസാരിച്ചത്. സിനിമയ്ക്ക് വേണ്ടി എടുത്ത അധ്വാനം നേരില്‍ കണ്ടിട്ടുണ്ടെന്ന് കൃതി ഷെട്ടി പറഞ്ഞു. 100 ദിവസം ഷൂട്ട് ചെയ്തിട്ടും ടൊവീനോ അസ്വസ്ഥനായിട്ടില്ല. വിശ്രമമില്ലാതെ ടൊവീനോ ജോലി ചെയ്യുന്നതെങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലന്നും നടി പറഞ്ഞു. ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ കൃതി ഷെട്ടിയാണ് നായിക. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നേരത്തെ അഭിനയിച്ചിട്ടുള്ള കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ARM.
കൃതി ഷെട്ടി പറഞ്ഞത്:
സിനിമയ്ക്കുവേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന, പുതിയ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ടൊവീനോ. ഒരുപാട് കാര്യങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. ടൊവീനോ സിനിമയ്ക്കുവേണ്ടി എടുക്കുന്ന അധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. മലയാള സിനിമയുടെ ഷൂട്ടിങ്ങിന്റെ ടൈം എനിക്ക് മുന്‍പ് പരിചയമുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിനിടയില്‍ കൃത്യമായി ഉറങ്ങാത്തതുകൊണ്ട് ക്ഷീണമുണ്ടായിരുന്നു. സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം അറിയാന്‍ കഴിഞ്ഞില്ല. ഷൂട്ടിനിടിയില്‍ രണ്ടു മണിക്കൂര്‍ ഉറങ്ങി ഒരു സീന്‍ പൂര്‍ത്തിയാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
അതിന് ശേഷമാണ് ഞാന്‍ ടോവീനോയെ ശ്രദ്ധിക്കുന്നത്. അദ്ദേഹം അപ്പോഴേക്കും നാല്പത് അമ്പത് ദിവസങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. 23 ദിവസമായിരുന്നു എനിക്ക് ആകെ ഷൂട്ട് ഉണ്ടായിരുന്നത്. ടോവിനോയ്ക്ക് 100 ദിവസത്തില്‍ അധികം ഷൂട്ട് ഉണ്ടായിരുന്നു. 100 ദിവസം ജോലി ചെയ്ത് അങ്ങനെ സമാധാനത്തോടെ ഇരിക്കുന്നതിനെപ്പറ്റി എനിക്ക് ആലോചിക്കാന്‍ കഴിയുന്നില്ല. അസ്വസ്ഥനായോ ദേഷ്യപ്പെട്ടോ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടേയില്ല. എന്നാല്‍ ഒരു നടനെന്ന നിലയില്‍ അഭിനയിച്ചു ഫലിപ്പിക്കേണ്ടതായുമുണ്ട്. എങ്ങനെയാണ് അത്രയും കുറച്ച് ഉറങ്ങി ക്യാമറയ്ക്ക് മുന്‍പില്‍ ജോലി ചെയ്യാന്‍ കഴിയുന്നത് എന്ന് മനസ്സിലാകുന്നില്ല.
ചിത്രത്തില്‍ ടൊവീനോയ്ക്ക് ഒരു ആക്ടിങ് കോച്ച് ഉണ്ടായിരുന്നു. അദ്ദേഹം അതിനെക്കുറിച്ചെല്ലാം എന്നോട് സംസാരിക്കുമായിരുന്നു. പറഞ്ഞു തന്ന ടിപ്പുകള്‍ എല്ലാം വളരെ ഉപകാരപ്രദമായിരുന്നു. അതിലെല്ലാം എനിക്ക് നന്ദിയുണ്ട്. ടൊവീനോയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. എനിക്കിതെല്ലാം പറഞ്ഞു തരേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. പക്ഷെ പറഞ്ഞു തന്ന കാര്യങ്ങള്‍ എന്നെ സഹായിച്ചിട്ടുണ്ട്.