Film News

'മോദി വെറും വ്യക്തിയല്ല, പ്രസ്ഥാനം', ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരമെന്നും കൃഷ്ണകുമാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി നടൻ കൃഷ്ണകുമാർ. മോദി ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നും ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയപ്പോൾ എത്തിയ അവതാരമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ന്യൂസ് കഫെ ലൈവ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. മോദിയെക്കൂടാതെ പ്രിയപ്പെട്ട ബിജെപി നേതാക്കളിൽ ഒരാളാണ് സ്മൃതി ഇറാനിയെന്നും നടൻ പറയുന്നു. അഹാനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.' ഇതാണ് വിവാദശേഷം താൻ മകൾക്ക് നൽകിയ ഉപദേശമെന്നും കൃഷ്ണകുമാർ പറയുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സർക്കാർ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധിപ്പിച്ച് അഹാന കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതാണ് വിവാദമായത്. എണ്ണം കൊണ്ട് ന്യൂനപക്ഷം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചെറുവിഭാഗത്തിൽ നിന്നുമാണ് കുടുംബത്തിനുനേരെ ആക്രമണമുണ്ടായത്. പ്രസ്തുത പോസ്റ്റിന് പിന്നാലെ മുരളീധരന്‍ വിളിച്ചിരുന്നു, സെന്‍സിബിളായ കാര്യമാണ് അഹാന എഴുതിയതെന്നും ഇതിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി കൊടുത്ത് കോപ്പി അയച്ചുതരണമെന്നും ആദ്ദേഹം പറഞ്ഞതായും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

കൃഷ്ണകുമാർ പറഞ്ഞത്:

മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം പറഞ്ഞ കാര്യം, നമുക്കത് പലയിടത്തും പറയാൻ പറ്റില്ല, സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു. പത്ത് പാഡിന് പത്തു രൂപ. ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്. ഞാൻ ഒരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി. പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം. അവരുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്. ആർത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തിൽ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു. പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാർത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി. കാരണം ഉൾസ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകൾ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്. അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകൾക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്. അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളിൽ ഒരാളാണ് സ്മൃതി ഇറാനി. പാർലമെന്റിൽ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കിൽ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT