മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് കേരള വനിത കമ്മിഷന്‍. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല.
ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
'അപ്പൻ' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അലൻസിയർ, പെൺ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു മറുപടി പ്രസംഗത്തിൽ നടത്തിയ പ്രസ്താവന. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അവാർഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു, സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസി തിരക്കഥകൃത്ത് ദിദീ ദാമോദരൻ തുടങ്ങിയവരും അലൻസിയറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ച ഹേമ കമ്മറ്റിയുടെ അന്തിമ റിപ്പോർട്ട് നിശബ്ദമാക്കപ്പെട്ടതിന്റെ പരിണിത ഫലമാണ് പുരസ്കാര വേദിയിലെ അലൻസിയറുടെ സ്ത്രീ വിരുദ്ധ പരാമർശം എന്ന് ദിദീ ദാമോദരൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.