Film News

'മറുപടി പറയാതെ ഒളിച്ചോടിയിട്ട് കാര്യമുണ്ടോ'?; അവാര്‍ഡ് നിര്‍ണ്ണയത്തില്‍ കൈകടത്തി എന്ന ആരോപണത്തിന് രഞ്ജിത് ഉത്തരം പറയണമെന്ന് വിനയന്‍

ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിലെ ഇടപെടലിൽ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ മൗനത്തെ ചോദ്യം ചെയ്ത് സംവിധായകന്‍ വിനയന്‍. അക്കാദമി ചെയര്‍മാന്‍ എന്ന പദവി ദുരുപയോഗം ചെയ്തു എന്ന് ജൂറി അംഗങ്ങള്‍ തന്നെ പറയുമ്പോള്‍ മറുപടി പറയാതെ ഒളിച്ചോടിയിട്ട് കാര്യമുണ്ടോയെന്ന് വിനയന്‍ കൂട്ടിച്ചേർത്തു. ഒന്നുകില്‍ തെറ്റുപറ്റി എന്ന് സമ്മതിച്ച് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് മുന്നോട്ട് പോകണം. അല്ലെങ്കില്‍ ജൂറി അംഗങ്ങള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ നിഷേധിക്കണം അല്ലാത്ത പക്ഷം ഈ വര്‍ഷം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡുകള്‍ മൊത്തം സംശയത്തിന്റെ നിഴലിലാകുമെന്ന് വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളോട് പ്രതികരിക്കാതെ അക്കാദമി ചെയര്‍മാന്‍ ഒഴിഞ്ഞുമാറുന്നു എന്നാണ് ഇന്നത്തെ പത്രങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലോ ചലച്ചിത്രകാരന്‍ എന്ന നിലയിലോ താങ്കള്‍ക്ക് പ്രതികരിക്കേണ്ട ബാദ്ധ്യത ഇല്ലായിരിക്കാം..പക്ഷേ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി എല്ലാ വിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവിയില്‍ ഇരിക്കുന്ന താങ്കള്‍ ആ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തു എന്ന് ഒന്നു രണ്ടു ജൂറി മെമ്പര്‍മാര്‍ തന്നെ പറയുമ്പോള്‍ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ?

ജൂറി മെമ്പര്‍മാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെന്‍സി ഗ്രിഗറിയും പറയുന്ന കാര്യങ്ങള്‍ ഒന്നുകില്‍ താങ്കള്‍ നിഷേധിക്കണം അല്ലങ്കില്‍ തെറ്റുപറ്റി എന്നു സമ്മതിച്ച് സ്ഥാനം ഒഴിയണം.. അവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഒന്നു കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് :

1) അവാര്‍ഡിനായി ജുറിയെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാദമി ചെയര്‍മാന് അവര്‍ തരുന്ന അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റ് സാംസ്‌കാരിക മന്ത്രിയുമായി ചേര്‍ന്ന് പ്രഖ്യാപിക്കുക എന്ന ചുമതലയേ ഉള്ളു.. ശ്രീ രഞ്ജിത് ചട്ടം ലംഘിച്ച് അവാര്‍ഡ് നിര്‍ണ്ണയ ചര്‍ച്ചയില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും പറയുന്നു അതു ശരിയാണോ? അങ്ങനെ നടന്നിട്ടുണ്ടോ?

2) മത്സരത്തിനു വന്ന ഒരു സിനിമയായ പത്തൊന്‍പതാം നുറ്റാണ്ട് ചവറു സിനിമ ആണന്നും അതൊന്നും സെലക്ട് ചെയ്യല്ലന്നും ശ്രി നേമം പുഷ്പ രാജിനോടും ശ്രീ ശ്രീകുമാരന്‍ തമ്പി എഴുതിയതുള്‍പ്പടെ ചിലപാട്ടുകള്‍ ചവറു പാട്ടുകളാണന്ന് ശ്രീമതി ജെന്‍സിയോടും താങ്കള്‍ പറഞ്ഞതായി അവര്‍ പറയുന്നു... ആ വിവരം ശരിയാണോ?

3) ജൂറി അവാര്‍ഡ് നിര്‍ണ്ണയത്തിനായി ചിത്രങ്ങള്‍ കാണുമ്പോള്‍ മന്ത്രിയോ മുഖ്യമന്ത്രിയോ പോലും അതിലിരിക്കാന്‍ പറ്റില്ല എന്ന ചട്ടമൊക്കെ ലംഘിച്ച് അക്കാദമി ചെയര്‍മാന്‍ അക്കൂട്ടത്തില്‍ കയറി ഇരുന്ന് ചിത്രങ്ങള്‍ കണ്ടെന്നും അഭിപ്രായം പറഞ്ഞെന്നും ഇതേ ജൂറി അംഗങ്ങള്‍ പറയുന്നു... താങ്കള്‍ അങ്ങനെ ചെയ്തിട്ടുണ്ടോ?

4) പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ കലാസംവിധാനത്തെ കുറിച്ച് അതു കൊള്ളത്തില്ല എന്നു താങ്കളും കൊള്ളാം എന്നു നേമം പുഷ്പരാജും തമ്മില്‍ തര്‍ക്കവും വാദപ്രതിവാദവും ഉണ്ടായെന്നും ഒരു കലാ സംവിധായകനായ തന്നേ പഠിപ്പിക്കാന്‍ വരെണ്ട എന്ന് ശ്രീ പുഷ്പരാജ് രഞ്ജിത്തിനോടു പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു അങ്ങനൊരു തര്‍ക്കം ഉണ്ടായന്നുള്ളത് സത്യമാണോ?

5) താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക് സംഗീതത്തിനും പാട്ടിനും ഡബ്ബിംഗിനും ഉള്‍പ്പടെ മുന്ന് അവര്‍ഡ് കിട്ടിയപ്പോള്‍.. ആ വിവരം അറിഞ്ഞ താങ്കള്‍ ക്ഷുഭിതനായെന്നും റൂമിലേക്കു പോയ ജൂറി അംഗങ്ങളേയും ജൂറി ചെയര്‍മാനെയും തിരിച്ചു വിളിപ്പിച്ച് ആ അവാര്‍ഡുകള്‍ പുനര്‍ ചിന്തിക്കാന്‍ പറഞ്ഞുവെന്നും ഒടുവില്‍ പാട്ടിന്റെ അവാര്‍ഡില്‍ തീരുമാനമെടുത്ത ജെന്‍സി ഗ്രിഗറി കരഞ്ഞുകൊണ്ട് ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷിനോട് ഈ നടപടി ശരീയല്ല എന്നു പറയുകയും ഒടുവില്‍ ആ തീരുമാനങ്ങള്‍ മാറ്റേണ്ടതില്ല എന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞുവെന്നും ശ്രീ നേമം പുഷ്പരാജ് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഒക്കെ പിന്നില്‍ രഞ്ജിത് ആയിരുന്നു എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. ശരിയാണോ ഈ വിവരങ്ങള്‍..?

ഇത്രയും കാര്യങ്ങള്‍ ശ്രീ രഞ്ജിത് നിഷേധിച്ചാല്‍ പ്രശ്‌നം തീര്‍ന്നു. ബാക്കി കാര്യങ്ങള്‍ക്ക് നേമം പുഷ്പരാജും ജെന്‍സി ഗ്രീഗറിയുമാണ് മറുപടി പറയേണ്ടത്. പ്രത്യേകിച്ച് താങ്കളിതൊന്നും ചെയ്തിട്ടില്ലങ്കില്‍ ശ്രീ നേമം പുഷ്പരാജ് എന്നോടും കേരളത്തിലെ ജനങ്ങളോടും മറുപടി പറയാന്‍ ബാദ്ധ്യസ്തനാണല്ലോ? അതദ്ദേഹം ചെയ്യുമായിരിക്കും.. അതല്ല ഇതിലേതിലെങ്കിലും അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കള്‍ ഇടപെട്ടിട്ടുണ്ടങ്കില്‍ ആ സ്ഥാനം രാജിവച്ചൊഴിയുക തന്നെ വേണം.. കാരണം അത് അധികാര ദുര്‍വിനിയോഗമാണ്..സ്വജന പക്ഷപാതമാണ്.. ചട്ട വിരുദ്ധമാണു. മലയാള സിനിമയ്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയിട്ടുള്ള താങ്കള്‍.. സാംസ്‌കാരിക മന്ത്രി പോലും മലയാള സിനിമയുടെ ഇതിഹാസം എന്നു വിശേഷിപ്പിച്ച ശ്രീ രഞ്ജിത് ഇനിയും ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയില്‍ നിന്ന് പുറത്തു വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അതല്ലങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മൊത്തം സംശയത്തിന്റെ നിഴലിലാകും. താങ്കള്‍ക്കിത്രയും വലിയൊരു പദവി തന്ന സര്‍ക്കാരും വിഷമ വൃത്തത്തിലാകും.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ അവാര്‍ഡ് നിര്‍ണ്ണയത്തി നിന്നും ഒഴിവാക്കാന്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ശ്രമിച്ചു എന്ന ആരോപണവുമായി വിനയന്‍ രംഗത്ത് എത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാല്‍ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി പറഞ്ഞു.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT