ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത് നാല് സിനിമകള്‍. ഷെയിന്‍ നിഗം നായകനാകുന്ന വലിയ പെരുന്നാള്‍, പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡ്രൈവിംഗ് ലൈസന്‍സ്, തമിഴില്‍ നിന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത് കാര്‍ത്തിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തമ്പി, ജയസൂര്യയുടെ തൃശൂര്‍ പൂരം, റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴി. സംവിധായകനും നടനുമായ രക്ഷിത് ഷെട്ടി നായകനായ അവന്‍ ശ്രീമന്‍ നാരായണ എന്ന ഡബ്ബ് ചിത്രം.
ഷെയിനിന് വലിയ പെരുന്നാള്‍
ഷെയിന്‍ നിഗം ഇതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിലുള്ള ചിത്രമാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന സിനിമ ട്രാന്‍സ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന തിയറ്ററുകളിലേക്കാണ് ക്രിസ്മസിന് എത്തുന്നത്. വിവാദവും വിലക്കും നിലനില്‍ക്കെ റിലീസാകുന്ന ഷെയിന്‍ നിഗം സിനിമയെന്ന പ്രത്യേകതയും വലിയ പെരുന്നാളിനുണ്ട്. നവാഗതനായ ഡിമല്‍ ഡെന്നിസാണ് സംവിധാനം. വിന്റേജ് ഫീല്‍ നല്‍കി ഒരുക്കിയ ട്രെയിലര്‍ ആരംഭിക്കുന്നത് വിനായകന്റെ നരേഷനോടെയാണ്. കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കള്ളക്കടത്തും ലഹരി ഉപയോഗവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സുരേഷ് രാജനാണ് ക്യാമറ.
ഷെയ്‌നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. 'ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്നാണ് ചിത്രത്തിന്റെ കാപ്ഷന്‍.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റെക്‌സ് വിജയനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ റിലീസായ പാട്ടുകളും ഷെയ്ന്റെ നൃത്തവുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു
ചിരിവഴിയില്‍ ഡ്രൈവിംഗ് ലൈസന്‍സ്
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ അനൗണ്‍സ് ചെയ്തിരുന്ന സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ഈ സിനിമയിലുണ്ട്. ഹണീ ബീ ഒന്ന്, രണ്ട്, ഹായ് ഐയാം ടോണി എന്നീ സിനിമകള്‍ക്ക് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരമായി പൃഥ്വിരാജ് അഭിനയിക്കുന്നു. സുരാജ് ആരാധകനെയും അവതരിപ്പിക്കുന്നു. ദീപ്തി സതിയും മിയയുമാണ് നായികമാര്‍. സുപ്രിയാ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം.
കൈദിയുടെ വിജയവീര്യത്തില്‍ തമ്പി
പാപനാശ'ത്തിന് ശേഷം ജീത്തു ജോസഫ് തമിഴില്‍ സംവിധായകനായ ചിത്രമാണ് കാര്‍ത്തി നായകനായ 'തമ്പി'. ആക്ഷന്‍ ക്രൈം ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം ജ്യോതികയും കേന്ദ്രകഥാപാത്രമാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
വന്‍ വിജയം നേടിയ ' കൈദിയ്ക്ക് പിന്നാലെയാണ് കാര്‍ത്തിയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂര്യയാണ് പുറത്തു വിട്ടിരുന്നത്. ചെറുപ്പത്തില്‍ കാണാതായ അനിയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പല പേരുകളിലെത്തുന്ന ക്രിമിനലാണ് കാര്‍ത്തിയുടെ കഥാപാത്രമെന്ന് ആദ്യ ടീസര്‍ സൂചിപ്പിച്ചിരുന്നു. കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ റോളിലാണ് ജ്യോതിക. സത്യരാജ് ഇരുവരുടെയും പിതാവായി വേഷമിടുന്നു. നിഖില വിമലാണ് കാര്‍ത്തിയുടെ ജോഡി.
മഞ്ജുവിന്റെ പ്രതി പൂവന്‍ കോഴി
കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍ കോഴി ഉണ്ണി ആറിന്റെ തിരക്കഥയിലാണ്. മഞ്ജുവിനൊപ്പം പ്രധാന റോളില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അലന്‍സിയര്‍ ലേ ലോപ്പസ്, അനുശ്രീ എന്നിവരും സിനിമയിലുണ്ട്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.
അടിയുടെ പൂരവുമായി ജയസൂര്യ
സംഗീത സംവിധായകന്‍ രതീഷ് വേഗയുടെ രചനയില്‍ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത തൃശൂര്‍ പൂരമാണ് ജയസൂര്യയുടെ ക്രിസ്മസ് റിലീസ്. ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈ ലൈറ്റ്. സ്വാതി റെഡ്ഡിയാണ് നായിക. വിജയ് ബാബു, സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ കഥാപാത്രങ്ങളാണ്. ഫ്രൈഡേയാണ് നിര്‍മ്മാണം.