'കാലം തെളിയുന്നതും കാത്ത് ജോലിക്കുപോകാതെ വീട്ടില്‍ ചടഞ്ഞിരിക്കുന്ന കെട്ടിയവനോടുള്ള പുച്ഛം, അയാളോട് കാട്ടുന്ന അവഗണന, പിഴച്ച ദേവകിയെ ശിക്ഷിക്കുന്നത്, തന്റെ വിജയനെ സ്വന്തമാക്കിയെടുക്കാന്‍ മിനക്കെടുന്ന ഇളയ അനുജത്തിയോട് വീറോടെ അങ്കം വെട്ടുന്നത്, അതില്‍ തോറ്റപ്പോള്‍ ഭാസ്‌കരനെ സ്വന്തമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം, അനന്തര പരാജയം, തകര്‍ച്ച.... ഇവയോടെല്ലാം തന്നെ തക്ക നീതി പുലര്‍ത്തിയിട്ടുണ്ട് പലയിടത്തും ഉജ്ജ്വലമായ ഭാവാഭിനയം തന്നെ കാഴ്ച്ച വെച്ച പൊന്നമ്മ. '
അര നൂറ്റാണ്ട് മുന്‍പ് സിനിക് എഴുതിയ ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നുള്ള വരികളാണ് ഇത്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പൊന്നമ്മ, മറ്റാരുമല്ല ' മലയാള സിനിമയിലെ മാതൃ സ്വരൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട കവിയൂര്‍ പൊന്നമ്മയാണ്. വെണ്മയുടെ വിശുദ്ധിയില്‍ വെട്ടിത്തിളങ്ങുന്ന അമ്മ വേഷങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നാളുകളിലാണ്, 1972ല്‍ സത്യന്റെ അവസാന ചിത്രങ്ങളിലൊന്നായ, സത്യന്റെ ഇളയ സഹോദരന്‍ എം എം നേശന്‍ സംവിധാനം ചെയ്ത 'അക്കരപ്പച്ച' എന്ന ചിത്രത്തിലെ ഭാഗീരഥിയെ കവിയൂര്‍ പൊന്നമ്മ അവതരിപ്പിക്കുന്നത്.സിനിമയിലെ കഥാപാത്രത്തിന്റെ ഏകദേശ സ്വഭാവമെന്താണെന്ന് സിനിക്കിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായിക്കാണുമല്ലോ. ഭാഗീരഥി എന്ന കശുവണ്ടിത്തൊഴിലാളി സ്ത്രീയുടെ കാമനകളുടെ കഥയാണ് പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിന്റേത്.സത്യന്‍, ഉമ്മര്‍, ജയഭാരതി, സുജാത, അടൂര്‍ ഭവാനി ബഹദൂര്‍, ആലുമ്മൂടന്‍ തുടങ്ങി വലിയൊരു താരനിരയുണ്ട്, പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ഈ ചലച്ചിത്രാ വിഷ്‌ക്കാരത്തില്‍.
'ഭാഗീരഥിയുടെ ഭാഗമാണ് സ്വാഭാവികമായും ചിത്രം നിറഞ്ഞു നില്‍ക്കുന്നത്. മെച്ചപ്പെട്ട വികാരാഭിനയത്താല്‍ അതുടനീളം നന്നാക്കാനൊത്തിട്ടുണ്ട്, കഴിവുള്ള കവിയൂര്‍ പൊന്നമ്മയ്ക്ക്.' സിനിക് വിലയിരുത്തി.
അമ്മവേഷങ്ങള്‍ അതി ഗംഭീരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയാണ് മകളെക്കാള്‍ ചെറുപ്പം ഭാവിച്ച് ഒരുങ്ങിക്കെട്ടി നടന്ന് ഒടുവില്‍ ബ്ലീച്ചടിക്കുന്ന പാറോതിയെ ത്രിവേണിയിലും (1970) ജീവിതകാമനകളോടുള്ള അമിതാസക്തി കൊണ്ട് സ്വന്തം ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വരുന്ന ഭാഗീരഥിയെ അക്കരപ്പച്ചയിലും കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചത്.
1970ല്‍ തന്നെ പൊന്നമ്മ മറ്റൊരു അസാമാന്യ പെര്‍ഫോമന്‍സുമായി സ്‌ക്രീനിലെത്തുന്നുണ്ട്. എന്‍ എന്‍ പിള്ളയുടെ പ്രസിദ്ധമായ നാടകം ക്രോസ്സ് ബെല്‍റ്റില്‍ അവതരിപ്പിച്ച പട്ടാളം ഭവാനി. നാടകത്തില്‍, എന്‍ എന്‍ പിള്ളയുടെ സഹോദരി ഓമന തകര്‍ത്തഭിനയിച്ച കഥാപാത്രം. മനസ്സിന്റെ താളം തെറ്റിയ പട്ടാളം ഭവാനിയുടെ ഉന്മാദാവസ്ഥയിലുള്ള പ്രകടനങ്ങള്‍ അമിതാഭിനയത്തിലേക്ക് ഒട്ടും വഴുതി വീഴാതെയാണ് പ്രേക്ഷകരെയാകെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പൊന്നമ്മ കാഴ്ചവെച്ചത്. സത്യന്‍, പിജെ ആന്റണി, കൊട്ടാരക്കര, തിക്കുറിശ്ശി, ശാരദ....പൊന്നമ്മയോടൊപ്പം ആ രംഗത്തില്‍ അഭിനയിക്കുന്ന ഈ വലിയ പ്രതിഭകളെയൊക്കെ കടത്തി വെട്ടിക്കൊണ്ട് സ്‌കോര്‍ ചെയ്യുന്നുണ്ട് അവര്‍. ചിരിപ്പിക്കാനുള്ള അവരുടെ സിദ്ധി നല്ലതുപോലെ പ്രകടമായി കണ്ട മറ്റൊരു കഥാപാത്രത്തെ ഇവിടെ ഓര്‍മ്മ വരുന്നു - മധു സംവിധാനം ചെയ്ത മാന്യശ്രീ വിശ്വാമിത്രനിലെ(1974) റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസ്സ് ഭാഗീരഥിയമ്മ. ചിത്രത്തിന് ആധാരമായ കൈനിക്കര കുമാരപിള്ളയുടെ മാതൃകാ മനുഷ്യന്‍ എന്ന നാടകത്തിന്റെ റേഡിയോ, സ്റ്റേജ് അവതരണ ങ്ങളില്‍ കെ ജി ദേവകിയമ്മയാണ് ആ വേഷം ചെയ്തതെന്നറിയുമ്പോഴേ അതിലുള്ള വെല്ലുവിളിയെക്കുറിച്ച് മനസ്സിലാകൂ.
കവിയൂര്‍ പൊന്നമ്മയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച പല കുറിപ്പുകളിലും പരാമര്‍ശിക്കപ്പെടാതെ പോയ വേറെയും ചില നല്ല പെര്‍ഫോമന്‍സുകളുണ്ട്.കുഞ്ഞൂട്ടി (അസുരവിത്ത്), തുളസി (കാട്ടുകുരങ്ങ്) അമ്മിണി (വിത്തുകള്‍)ലക്ഷ്മി (ദാഹം) സാവിത്രി വാരസ്യാര്‍ (നെല്ല്)കമലമ്മ (കൊടിയേറ്റം), സഖാവ് ശ്രീധരന്റെ ഭാര്യ (മുഖാമുഖം) ജാനകി (ആഭിജാത്യം).
ഇതില്‍ ജാനകി ഒഴിച്ചുള്ളവര്‍ 'പൊന്നമ്മ ബ്രാന്‍ഡ്' ടിപ്പിക്കല്‍ അമ്മമാരുമല്ല.
തീരെ ചെറുപ്പത്തിലേ ഭര്‍ത്താവ് നഷ്ടപ്പെട്ട് ഒരു കുട്ടിയുടെ അമ്മയായി കഴിയുമ്പോള്‍, ഉള്ളില്‍നിന്നറിയാതെ പൊന്തിവരുന്ന ആഗ്രഹാഭിലാഷങ്ങള്‍ അടക്കി വെക്കാനാകാതെ വീര്‍പ്പുമുട്ടുന്നവരാണ് കവിയൂര്‍ പൊന്നമ്മ വളരെ subtle ആയി അവതരിപ്പിച്ച 'കൊടിയേറ്റ'ത്തിലെ കമലമ്മയും 'നെല്ലി'ലെ സാവിത്രി വാരസ്യാരും. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പ്രണയിതാവ് ഭീരുത്വം പ്രകടിപ്പിച്ച് കുടുംബത്തിലേക്ക് പിന്‍വലിയുമ്പോള്‍ സമൂഹത്തെ നേരിടാനാകാതെ ആത്മഹത്യയില്‍ കമലമ്മ അഭയം തേടുന്നു. യാത്ര പറഞ്ഞുപോകുന്ന രാഘവന്‍ നായരെ പ്രലോഭിപ്പിക്കാനോ പിന്തിരിപ്പിക്കാനോ ആകാതെ അകത്തളത്തിലെ ജീവിത വൈരസ്യങ്ങളിലേക്ക് മടങ്ങിപ്പോകുക യാണ് സാവിത്രി.ഈ രണ്ടു വേഷങ്ങളും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നന്നായി പെര്‍ഫോം ചെയ്യുന്നതില്‍ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്റെയും രാമു കാര്യാട്ടിന്റെയും പങ്ക് നിസ്സാരമല്ലെന്ന് തീര്‍ച്ച!
അമ്മയുടെ വേഷം കെട്ടിക്കൊണ്ടാണ് അവര്‍ സിനിമയില്‍ അഭിനയം തുടങ്ങിയതെന്ന് സ്ഥാപിക്കാന്‍ വസ്തുതാ വിരുദ്ധമായ പലതും എഴുതിക്കണ്ടു ഷീലയുടെ അമ്മയായി കുടുംബിനിയില്‍ അഭിനയിച്ചുകൊണ്ടാണ് ആരംഭിച്ചതെന്ന് ഒരു പത്രം. ഷീല അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് മാധവന്‍ കുട്ടിയുടെ (പ്രേംനസീര്‍) ജ്യേഷ്ഠന്‍ രാഘവക്കുറുപ്പിന്റെ (തിക്കുറിശ്ശി) ഭാര്യ ലക്ഷ്മി എന്ന കുടുംബിനിയുടെ റോളിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്.തുടര്‍ന്നു വന്ന തൊമ്മന്റെ മക്കളിലാണ് ഷീലയുടെ അമ്മായി അമ്മയായി അഭിനയിക്കുന്നത്.
കവിയൂര്‍ പൊന്നമ്മയുടെ ആദ്യ വേഷങ്ങളില്‍ ചിലതൊക്കെ പല ഹമ്യലൃ െഉള്ളവയായിരുന്നു റോസിയിലെ റോസി, ദാഹത്തിലെയും ഓടയില്‍ നിന്നിലെയും ലക്ഷ്മി. തൊമ്മന്റെ മക്കളിലെ സത്യന്റെയും മധുവിന്റെയും അമ്മ വേഷമാണ് അവരെ ഒരു ഗ്രൂവില്‍ തന്നെ കുടുക്കിയിട്ടു കളഞ്ഞത്.ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ ശശികുമാര്‍ തന്നെ 'സ്വന്തമെവിടെ ബന്ധമെവിടെ' എന്ന പേരില്‍ പുനരവതരിപ്പിച്ചപ്പോള്‍, മോഹന്‍ ലാലിന്റെയും ലാലു അലക്‌സിന്റെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അതേ വേഷത്തില്‍ വരുന്ന അപൂര്‍വ കാഴ്ചയും കണ്ടു.
മലയാള സിനിമയെ ധന്യമാക്കിയ മാതൃസാനിധ്യമായിരുന്നു കവിയൂര്‍ പൊന്നമ്മ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അമ്മ റോളിന്റേതായ ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്ന അഭിനയ സപര്യയായിരുന്നില്ല അവരുടേത് എന്നു ചൂണ്ടിക്കാണിക്കാനാണ് മേല്‍പ്പറഞ്ഞ വേഷങ്ങളെ കുറിച്ചെഴുതിയത്. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ കാര്യം പറഞ്ഞ് 'തിങ്കളാഴ്ച നല്ല ദിവസം' എന്ന പത്മരാജന്‍ ചിത്രത്തിലെ അസാമാന്യ പ്രകടനത്തെ പലരും പരാമര്‍ശിക്കാതെ ഒഴിവാക്കിയതായി പപ്പന്‍ അനന്തപദ്മനാഭന്‍ എഴുതിയ കുറിപ്പ് കണ്ടു. കഷ്ടം!സര്‍വംസഹയും ത്യാഗിനിയും വാത്സല്യത്തിടമ്പുമായ അമ്മയുടെ വേഷങ്ങള്‍ കെട്ടിപ്പോയി എന്ന അപരാധത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട കവിയൂര്‍ പൊന്നമ്മ ചപലരും പ്രണയാസക്തരും കാമ മോഹിതരുമായ കഥാപാത്രങ്ങളെ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നറിയുമ്പോള്‍, ഈ പൊളിറ്റിക്കല്‍ കറക്ടനെസ് വാദികള്‍ അവരോടും മലയാള സിനിമയോടും ക്ഷമിച്ചേക്കുമെന്ന് പ്രത്യാശിച്ചു കൊള്ളട്ടെ.
അമ്മയുടെ സ്റ്റീരിയോടൈപ്പ് റോളില്‍ തളച്ചിടപ്പെട്ട കവിയൂര്‍ പൊന്നമ്മയെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആഷിക് അബു വാണെന്ന് ആരോ എഴുതിക്കണ്ടു. മോഹന്‍ ലാലിന്റെ അമ്മ വേഷത്തില്‍ മാത്രം ആ വലിയ അഭിനേത്രിയെ കണ്ടു പരിചയമുള്ളവര്‍ ചരിത്രമെഴുതിയാല്‍ ഇങ്ങനെയിരിക്കും!