'ജിഗർത്തണ്ട ഡബിൾ എക്സി'ന്റെ കഥ ആദ്യം രജനി സാറിനോടാണ് പറഞ്ഞിരുന്നതെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രം കണ്ട ശേഷം രജിനിസാർ വിളിച്ചിട്ട് ഈ കഥ എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ ജിഗർത്തണ്ട ഡബിൾ എക്സിന്റെ കഥ ആദ്യ ആലോചനയിൽ തന്നെ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും കാർത്തിക് പറയുന്നു. ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രം രജനി സാർ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും തനിക്ക് ഏതൊരു സിനിമയെക്കുറിച്ചുള്ള ചെറിയ ഐഡിയ വന്നാലും അത് രജിനിസാറുമായി പങ്കുവയ്ക്കാറുണ്ടെന്നും എസ് എസ് മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.
കാർത്തിക് സുബ്ബരാജ് പറഞ്ഞത്:
എല്ലാ സിനിമയിലും ഞാൻ തലൈവരെക്കുറിച്ച് ആലോചിക്കാറുണ്ട്. അദ്ദേഹം ഇത് ചെയ്താൽ നന്നായിരിക്കുമല്ലോ എന്ന് ഞാൻ ആലോചിക്കും. പേട്ടയ്ക്ക് ശേഷം അത്തരത്തിൽ ഞാൻ അദ്ദേഹത്തോട് ഐഡിയ പിച്ച് ചെയ്യാറുണ്ടായിരുന്നു. പക്ഷേ അതെല്ലാം വളരെ ബേസിക്ക് ഐഡിയ ആയിരുന്ന സമയത്താണ് ഞാൻ പറഞ്ഞിട്ടുള്ളത്. ജിഗർത്തണ്ട ഡബിൾ എക്സിന്റെ കഥ ആദ്യം രജനി സാറിനോടാണ് പറഞ്ഞിരുന്നത്. പക്ഷെ അപ്പോൾ അത് വളരെ ബേസിക്ക് ഐഡിയ മാത്രമായിരുന്നു. സിനിമ റിലീസായത്തിന് ശേഷം അദ്ദേഹം അത് കണ്ടിട്ട് എന്തുകൊണ്ട് ഇത് എന്നോട് പറഞ്ഞില്ല എന്ന് ചോദിച്ചു. സാർ ഞാൻ ഇത് മുമ്പ് സാറിനോട് ഒരു ഐഡിയ പോലെ പറഞ്ഞിരുന്നതാണെന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. നീ പറഞ്ഞ സമയത്ത് ഇങ്ങനെയല്ല എന്നോട് കഥ പറഞ്ഞതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. മഹാന്റെ ഐഡിയയും അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. അത് കണ്ട ശേഷവും അദ്ദേഹം എന്നോട് ചോദിച്ചു നീ എന്താണ് ആ കഥ എന്നോട് പറയാതിരുന്നതെന്ന് അപ്പോഴും ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഞാൻ ഇതും മുമ്പ് സാറിനോട് പറഞ്ഞ കഥയാണ് എന്നാണ്. എനിക്ക് ഒരു ചെറിയ ഐഡിയ വന്നാലും ഞാനത് അദ്ദേഹത്തോട് പറയും.
രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജിഗർതണ്ട ഡബിൾ എക്സ്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്സ്.