സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ‘ ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ചിത്രമാണ്. നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തിയറ്റർ റിലീസിനെത്തുന്നത്. എന്നാൽ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ട് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല കോണുകളിൽ നിന്നും സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും നേരെ വിമർശനം ഉയരുന്നുണ്ട്. സിനിമയിൽ ആകെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിലാകെ ഉയരുന്ന ട്രോൾ. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാവായ കെഇ ജ്ഞാനവേൽ രാജ തന്നെ ചിത്രത്തിനെതിരെ ഉയർന്നു വരുന്ന ഇത്തരം പരാതികളോട് പ്രതികരിച്ചിരിക്കുകയാണ്.
ചിത്രത്തിന്‍റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എല്ലാ എക്സിബിറ്റർമാരോടും ചിത്രത്തിന്റെ സൗണ്ട് ലെവൽ രണ്ട് പോയിന്റ് കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ളൊരു കാലഘട്ടമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത് എന്നതിനാൽ അതിൽ കൂടുതൽ എപ്പിസോഡിലും വലിയ തരത്തിലുള്ള ആക്ഷൻ രംഗങ്ങളുണ്ട്. അതുകൊണ്ടാണ് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങൾ മനസ്സിലാക്കി സൗണ്ടിന്റെ ലെവൽ രണ്ട് പോയിന്റ് താഴ്ത്താൻ ഞങ്ങൾ ആവശ്യപ്പെട്ടത്. ഇന്ന് രാത്രി മുതലോ നാളെ രാവിലെയോ ആരംഭിക്കുന്ന ഷോകൾ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാകും പ്രദർശനം തുടങ്ങുക എന്നും കെഇ ജ്ഞാനവേൽ രാജ പറഞ്ഞു. ഒപ്പം ദേവീ ശ്രീ പ്രസാദ് ചിത്രത്തിന് മികച്ച സംഗീതമല്ല നൽകിയത് എന്ന വിമർശനത്തെയും ജ്ഞാനവേല്‍ രാജ അഭിസംബോധന ചെയ്തു. ആരും സിനിമയുടെ പാട്ടിനെയോ റീ റെക്കോർഡിംഗിനെയോ വിമർശിച്ചിട്ടില്ലെന്നും സിനിമയുടെ സൗണ്ട് കൂടുതലായിരുന്നു എന്നത് മാത്രമാണ് വിമർശനം. അതുകൊണ്ട് അദ്ദേഹത്തെ ഇതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. കങ്കുവ 2 വിന്റെ സ്ക്രിപ്റ്റ് തയ്യാറാണ്. അജിത് കുമാറിനൊപ്പം ശിവ അടുത്തൊരു ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്, ആ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം കങ്കുവ 2 പ്ലാൻ ചെയ്യും എന്നും തങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിൽ തിരുത്തലുകൾ വരുത്തുമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു.
എക്സിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടക്കം ചിത്രത്തിന്റെ സൗണ്ടിനെക്കുറിച്ചുള്ള ട്രോളുകൾ ഉയർന്നതിന് പിന്നാലെ കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളിൽ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ശബ്ദ മിശ്രണത്തെക്കുറിച്ചും പശ്ചാത്തല സംഗീതത്തെക്കുറിച്ചും ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഓസ്‍കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികണവുമായി എത്തിയിരുന്നു. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ലെന്നാണ് പ്രശ്നത്തെ അഭിസംബോധന ചെയ്തു കൊണ്ട് റസൂൽ പൂക്കുട്ടി പറഞ്ഞത്.
പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തിയ സിനിമയാണ് കങ്കുവ. ഇത് സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡ് താരം ദിഷ പാട്ണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതിയത്.