സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കങ്കുവാ'. 'ഗോസ്റ്റ് ഓഫ് സുഷിമ' എന്ന ഗെയിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിക്കുന്നതെന്ന വാദം തള്ളിയിരിക്കുകയാണ് നിര്‍മാതാവ് കെ. ഇ ജ്ഞാനവേല്‍രാജാ. പീരിയോഡിക് ത്രീഡി ആയി ഒരുങ്ങുന്ന ചിത്രം മുഴുവനായും ഒരു സാങ്കല്പിക കഥയാണെന്നും ഏതെങ്കിലും നോവലില്‍ നിന്നോ ഗെയിമില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാവ് പറഞ്ഞു.
ചിത്രത്തില്‍ പുരാതന തമിഴ് സംസ്‌കാരത്തില്‍ നിന്നുള്ള ഘടകങ്ങളും അതുപോലെ ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്‌കാരങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും തിരക്കഥയില്‍ ഇരുപത് ശതമാനം ചരിത്രപരമായ റെഫെറെന്‍സുകള്‍ ഉണ്ടെന്നും സംവിധായകന്‍ ശിവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സൗത്ത് ഭാഷയിലേക്കുള്ള ഓ ടി ടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
ഈ സിനിമ ചെയ്യാനായി തീരുമാനിച്ചപ്പോള്‍ നാല് കഥകള്‍ പരിഗണിച്ചിരുന്നു. അതില്‍ ഏറ്റവും സ്‌കോപ്പുള്ളതും ബഡ്ജറ്റ് വേണ്ടിവരുന്നതും ഈ കഥക്ക് ആയിരുന്നു. എല്ലാ ഭാഷകളില്‍ നിന്നും വരുമാനം ലഭിച്ചാല്‍ മാത്രമേ നമ്മള്‍ ചെലവഴിക്കുന്ന ബഡ്ജറ്റ് വീണ്ടെടുക്കാന്‍ കഴിയൂ. അതുതുകൊണ്ടാണ് സിനിമക്ക് ശക്തമായൊരു ഹിന്ദി പതിപ്പുണ്ടാക്കാനും മറ്റു ഭാഷകളില്‍ കൂടെ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചതും.കെ. ഇ ജ്ഞാനവേല്‍രാജാ
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് 'കങ്കുവാ'. പത്ത് ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രം 2024 ന്റെ തുടക്കത്തില്‍ തിയ്യേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മുന്‍പിറങ്ങിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.