ബോളിവുഡ് നടി രവീണ ടണ്ടൻ റോഡിൽ വച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ രവീണയ്ക്ക് പിന്തുണയുമായി നടി കങ്കണ റണാവത്ത്. രവീണയ്ക്ക് സംഭവിച്ച കാര്യം ഭയാനകമാണെന്നും എതിർ ഭാഗത്ത് കുറച്ചു കൂടി ആളുകൾ ഉണ്ടായിരുന്നെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നുവെന്നും ഇത്തരം ആളുകളെ രക്ഷപ്പെടാൻ അനുവദിക്കരുത് എന്നും കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഒരു വയോധികയെ അടക്കം മൂന്ന് പേരെ രവീണയുടെ കാർ ഇടിച്ചുവെന്ന് ആരോപിച്ച് നടിയെ കയ്യേറ്റം ചെയ്യുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിന് പിന്നാലെ രവീണയുടെ കാർ ആരയെും ഇടിച്ചിട്ടില്ലെന്നും നടി മദ്യപിച്ചിരുന്നില്ലെന്നും പരാതി വ്യാജമാണെന്നും മുംബെെ പോലീസ് വ്യക്തമാക്കി.
കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി:
രവീണ ടണ്ടൻ ജിക്ക് സംഭവിച്ചത് ഭയാനകമാണ്; എതിർ ഗ്രൂപ്പിൽ 5-6 പേർ കൂടി ഉണ്ടായിരുന്നെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നു; ഇത്തരത്തിൽ റോഡിൽ വച്ചു നടക്കുന്ന രോഷപ്രകടനങ്ങളെ ഞങ്ങൾ അപലപിക്കുന്നു; ഇത്തരം ആളുകളെ ശിക്ഷിക്കണം. ഇത്തരം അക്രമാസക്തവും വിഷലിപ്തവുമായ പെരുമാറ്റമുള്ളവർ രക്ഷപ്പെടരുത്.
ശനിയാഴ്ച രാത്രി ബാന്ദ്രയിലെ കാർട്ടർ റോഡിലാണ് സംഭവം നടന്നത്. സംഭവം നടന്ന ഖാർ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാരം രവീണയുടെ കാർ സ്ത്രീകൾക്ക് സമീപം ഉണ്ടായിരുന്നെങ്കിലും അത് തട്ടിയിരുന്നില്ല എന്ന് പോലീസ് പറയുന്നു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവര്‍ ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകയും തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ ജനക്കൂട്ടത്തോട് സംസാരിക്കാനാണ് രവീണ ടണ്ടൻ വാഹനത്തിൽ നിന്ന് ഇറങ്ങിയത്. ഇതോടെ വാഹനത്തിന് ചുറ്റം കൂടി നിന്ന ആളുകൾ ആൾക്കൂട്ടത്തിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു. വെെറലായ വീഡിയോയിൽ 'ദയവായി എന്നെ തല്ലരുത്' എന്ന രവീണ പറയുന്നത് കേൾക്കാം. തുടർന്നാണ് രവീണ ടണ്ടനും കുടുംബവും ഖാർ പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം സംഭവത്തെക്കുറിച്ച് പരാതി നൽകിയത്.