ബോളിവുഡ് സിനിമ ഇൻഡസ്ട്രിയിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് നായകന്മാരാണെന്ന് നടി കങ്കണ റണൗട്ട്. അത്താഴത്തിന് ക്ഷണിക്കുക, മെസേജ് അയക്കുക, വീട്ടിലേക്ക് ക്ഷണിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളാണ് അവർ ചെയ്യുന്നത് എന്നും വഴിയിൽ കൂടി പോകുന്ന പെൺകുട്ടികളോട് അനാവശ്യം വിളിച്ചു പറയുന്ന ആൾക്കാരിൽ നിന്നും തീർത്തും വ്യത്യസ്തരല്ല ബോളിവുഡ് നടന്മാരെന്നും കങ്കണ ന്യൂസ് 18 നോട് സംസാരിക്കവേ പറഞ്ഞു. എന്തുകൊണ്ടാണ് ഷാരൂഖ് ഖാനൊപ്പവും സൽമാൻ ഖാനൊപ്പവും അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചതെന്നെ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കങ്കണ.
കങ്കണ റണൗട്ട് പറഞ്ഞത്:
ഞാൻ ഇവരൊടെല്ലാം ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിച്ച ഒരു കാലം ഉണ്ടായിരുന്നു. 10 വർഷത്തോളം എനിക്ക് കഷ്ടപ്പാടുകളുണ്ടായിരുന്നു. എന്നെക്കൊണ്ട് ഇത് സാധിക്കില്ലെന്ന തരത്തിൽ പലരും എന്നെ പറഞ്ഞുവിട്ടിരുന്നു. കാരണം ഐറ്റം ഡാൻസ് ചെയ്യുക കോമഡി ചെയ്യുക എന്ന സ്ഥിരം പാറ്റേണിന് ഞാൻ അനുയോജ്യമായിരുന്നില്ല എന്നത് കൊണ്ടായിരുന്നു അത്. ക്വീൻ, മണികാർണിക, തനു വെഡ്സ് മനു തുടങ്ങിയ സിനിമകൾ ചെയ്ത് ഞാൻ ഈ വ്യവസായത്തിൽ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഇവിടുത്തെ ജനതയ്ക്ക് അത്തരത്തിൽ എന്നോട് ഒരു സ്നേഹമുണ്ട്. പിന്നെ ഞാൻ എന്തിനാണ് ആരുടെയെങ്കിലും ഒരു വശത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥാപാത്രത്തെയോ രണ്ടോ മൂന്നോ സീനുകളിൽ മാത്രം ഒതുങ്ങുന്ന ഐറ്റം സോങ്ങോ ഒക്കെ ചെയ്യുന്നത്.
ഈ നായകന്മാർ എന്ന് പറയുന്നവർ സ്ത്രീകളോട് എന്താണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? അത്താഴത്തിന് ക്ഷണിക്കുക, അവർക്ക് മെസേജ് അയക്കുക, അവരുടെ വീട്ടിലേക്ക് വരാൻ പറയുക. സ്ത്രീകളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് ഈ നായകന്മാരാണ്. ഏതെങ്കിലും ഒരു പെൺകുട്ടി അവളുടെ സ്വന്തം കാലിൽ നിൽക്കുമ്പോൾ എന്തിനാണ് ആകാശം ഇടിഞ്ഞു വീണു എന്നത് പോലെ നിങ്ങൾ എന്തിനാണ് നിങ്ങൾ അയാളുടെ സിനിമ വേണ്ടെന്ന് വച്ചത്? എന്തിനാണ് നിങ്ങൾ ഇയാളുടെ സിനിമ എന്തിന് വേണ്ടെന്ന് വച്ചത് എന്നൊക്കെ ചോദിക്കുന്നത്? ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, ഖാൻ ആണെങ്കിലും കുമാർ ആണെങ്കിലും എനിക്ക് ആരോടും പ്രശ്നമില്ല.
നിങ്ങൾ കൊൽക്കത്തയിൽ സംഭവിച്ച റേപ്പ് കണ്ടതാണ്, എനിക്ക് നേരെ പരസ്യമായി ബബലാത്സംഗ ഭീഷണി മുഴക്കിയതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞതാണ്. ഈ സമൂഹത്തിന് പൊതുവെ സ്ത്രീകളോട് ബഹുമാനക്കുറവാണ് എന്ന് നമുക്ക് അറിയാം. സിനിമ ഇൻഡസ്ട്രിയും അക്കാര്യത്തിൽ വ്യത്യസ്തമല്ല. കോളേജ് പയ്യന്മാർ നടന്നു പോകുന്ന പെൺകുട്ടികളെ നോക്കി അശ്ലീലം വിളിച്ചു പറയുന്നത് കണ്ടിട്ടില്ലേ, സിനിമ നടന്മാരും അവരിൽ നിന്ന് വ്യത്യസ്തരല്ല. അവരും അങ്ങനെ തന്നെയാണ്.
ബോളിവുഡിലെ വലിയ കോറിയോഗ്രാഫറാണ് സരോജ് ഖാൻ. ഞാൻ ജനിക്കുന്നതിന് മുമ്പേ സിനിമയിൽ വന്നവർ ആണ് അവർ. അവരോട് സിനിമയിൽ ബലാത്സംഗം നടക്കുന്നു, സ്ത്രീകളെ ചൂഷണം ചെയ്യുന്നു, മീടു ആരോപണങ്ങൾ ഉണ്ടാകുന്നു ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ അവർ അതിന് അന്ന് കൊടുക്കുന്ന മറുപടി റേപ്പ് നടക്കും, ഭക്ഷണവും കൊടുക്കും എന്നാണ്. ഇത്രയും മോശമായാണ് ഇവിടെ സ്ത്രീകളെ ആളുകൾ പരിഗണിക്കുന്നത്. ഇതാണ് ഇവിടുത്തെ സ്ത്രീകളുടെ ദുരവസ്ഥ. കങ്കണ പറഞ്ഞു.