Film News

'അയാന്‍ മുഖര്‍ജിയെ പ്രതിഭയെന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കണം, അയാള്‍ 600 കോടി ചാരമാക്കി'; ബ്രഹ്‌മാസ്ത്രയ്‌ക്കെതിരെ കങ്കണ

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ബ്രഹ്‌മാസ്ത്രയെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. അയാന്‍ മുഖര്‍ജിയെ പ്രതിഭയെന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നും ബ്രഹ്‌മാസ്ത്രയിലൂടെ 600 കോടി ചാരമാവുകയാണ് ചെയ്‌തെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ വിമര്‍ശനം.

സംവിധായകന്‍ അയാനും നിര്‍മ്മാതാവായ കരണ്‍ ജോഹറും ബ്രഹ്‌മാസ്ത്രയുടെ പ്രമോഷന് വേണ്ടി സത്യസന്ധമല്ലാത്ത പലതും ചെയ്തു. എന്നാല്‍ അവര്‍ക്ക് ഒരു നല്ല സിനിമയെടുക്കാന്‍ സാധിച്ചില്ല. അവസാന നിമിഷം സിനിമയുടെ പേര് ജലാലുദ്ദീന്‍ റൂമി എന്നതില്‍ നിന്ന് ശിവ എന്നാക്കി അവര്‍ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ ഒരു നുണ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതാണ് സംഭിവിക്കുക. എല്ലാ പരിപാടിയിലും കരണ്‍ ജോഹര്‍ ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും മികച്ച അഭിനേതാക്കളെന്നും അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്നും വിളിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയാണ്. സാവകാശം അയാള്‍ ഈ നുണ വിശ്വസിക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു നല്ല സിനിമ ചെയ്യാത്ത സംവിധായകനോട് ഈ സിനിമയുടെ 600 കോടി ബജറ്റ് മറ്റെന്താണ് വിശദീകരിക്കുന്നത്. ഈ സിനിമയ്ക്ക് ഫണ്ട് നല്‍കുന്നതിന് ഫോക്‌സ് സ്റ്റുഡിയോ ഇന്ത്യയ്ക്ക് അവരെ തന്നെ സ്വയം വില്‍ക്കേണ്ടി വന്നു. ഈ കോമാളികള്‍ കാരണം ഇനിയെത്ര സ്റ്റുഡിയോകള്‍ കൂടി പൂട്ടേണ്ടി വരും?', കങ്കണ പറയുന്നു.

'അവരുടെ ഗ്രൂപ്പിസം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ് ഇപ്പോള്‍. കല്യാണം മുതല്‍ ഗര്‍ഭിണിയായത് വരെയുള്ള പിആര്‍ വര്‍ക്കുകള്‍. മീഡിയയെ നിയന്ത്രിക്കല്‍, കെ.ആര്‍.കെയെ ജയിലില്‍ അടയ്ക്കല്‍, റിവ്യൂസും ടിക്കറ്റും വാങ്ങിക്കല്‍.... അവര്‍ സത്യസന്ധമല്ലാത്ത പലതും ചെയ്തു. പക്ഷെ ഒരു നല്ല സിനിമയുണ്ടാക്കാന്‍ സാധിച്ചില്ലെന്നും' താരം അഭിപ്രായപ്പെട്ടു.

'അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെയെല്ലാം തന്നെ എത്രയും പെട്ടന്ന് ജയിലില്‍ അടയ്‌ക്കേണ്ടിയിരിക്കുന്നു. 12 വര്‍ഷമാണ് അയാള്‍ ഈ സിനിമ ചെയ്യാന്‍ എടുത്തത്. അയാള്‍ 14 ഡി.ഓ.പികളെ മാറ്റുകയും, 400 ദിവസം ചിത്രീകരണത്തിന് എടുക്കുകയും 85 സംവിധാന സഹായികളെ മാറ്റുകയും 600 കോടി വെറും ചാരമാക്കുകയുമാണ് ചെയ്തത്. അതോടൊപ്പം തന്നെ സിനിമയുടെ പേര് ജലാലുദ്ദീന്‍ റൂമി എന്നതില്‍ നിന്ന് ശിവ എന്ന് അവസാന നിമിഷം മാറ്റി മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു', കങ്കണ വ്യക്തമാക്കി.

'ബാഹുബലി വിജയമായതിനാല്‍ ഇത്തരം അവസരവാദികളെയും സര്‍ഗാത്മകതയില്ലാത്തവരെയും വിജയത്തിന് വേണ്ടി അത്യാഗ്രഹം കാണിക്കുന്നവരെയും പ്രതിഭകള്‍ എന്ന് വിളിക്കുകയാണെങ്കില്‍ അത് മാനിപുലേഷന്‍ അല്ല മറിച്ച് രാത്രിയെ പകലെന്നും പകലിനെ രാത്രി എന്നും വിളിക്കാനുള്ള തന്ത്രം മാത്രമാണെന്നും' നടി പറഞ്ഞു.

'കരണ്‍ ജോഹറിനെ പോലുള്ളവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. അയാള്‍ക്ക് സിനിമയുടെ തിരക്കഥയേക്കാള്‍ താത്പര്യം മറ്റുള്ളവരുടെ സെക്‌സ് ലൈഫിലാണ്. റിവ്യൂകളും, സ്റ്റാറുകളും വ്യാജ കളക്ഷന്‍ നമ്പറുകളും ടിക്കറ്റുകളും വാങ്ങുന്നതാണെന്ന് അയാള്‍ സ്വയം സമ്മതിച്ച് കഴിഞ്ഞു. ഇത്തവണ അയാള്‍ ഹിന്ദൂയിസത്തെയും സൗത്ത് ഇന്ത്യന്‍ വേവിനെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും പെട്ടന്ന് പൂജാരികള്‍ ആവുകയും സിനിമ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി തെന്നിന്ത്യന്‍ താരങ്ങളോടും എഴുത്തുകാരോടും സംവിധായകരോടും യാചിക്കുകയാണ്. അവര്‍ അതെല്ലാം ചെയ്യും പക്ഷെ നല്ല എഴുത്തുകാരെയും സംവിധായകരെയും കഴിവുള്ള അഭിനേതാക്കളെയും തെരഞ്ഞെടുക്കില്ല. ആദ്യമെ പ്രതിഭാശാലികളായവരെ വെച്ച് സിനിമ ചെയ്യാതെ പിന്നീട് ബ്രഹ്‌മാസ്ത്ര പോലൊരു തോല്‍വിയെ ശരിയാക്കുന്നതിനായി യാചിക്കുന്നത് എന്തിനാണെന്നും' കങ്കണ ചോദിക്കുന്നു.

'ഇന്ന് നമുക്ക് പോയി കഥ പറയാന്‍ ഒരു അന്താരാഷ്ട്ര സ്റ്റുഡിയോ പോലും ഇന്ത്യയില്‍ ഇല്ല. മൂവി മാഫിയ അവരുടെ സിസ്റ്റത്തെ ഏറ്റെടുക്കകയും അതിനെ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അത്തരം സ്റ്റുഡിയോകള്‍ ഉണ്ടാകുമ്പോഴേക്കും തന്നെ അടയ്ക്കപ്പെടുകയാണ്. ഒരു സ്റ്റുഡിയോകളും ഇല്ലെങ്കില്‍ നമ്മള്‍ എങ്ങനെയാണ് സിനിമ നിര്‍മ്മിക്കുക', താരം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT