സിങ്കീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 'പുഷ്പക വിമാനം' റീ റിലീസിനെത്തുന്നു. 1987 ൽ പുറത്തിറങ്ങിയ കമൽഹാസന്റെ സൈലന്റ് ഡാർക്ക് കോമഡി ചിത്രമാണ് 'പുഷ്പക വിമാനം'. കമല്‍ ഹാസന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പ്രേക്ഷകരെ ഏറെ രസിപ്പിച്ച നിശബ്ദ സിനിമയാണ് മൂന്നര പതിറ്റാണ്ടിന് ശേഷം തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നത്.
സൈലന്റ് ബ്ലാക്ക് കോമഡിയുടെ തുടക്കക്കാരനും ഇന്ത്യൻ സിനിമയുടെ ഐക്കോണിക് മാസ്റ്റർപീസുമായ പുഷ്പക്/ പേസും പടം ഉടൻ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും. എന്ന കുറിപ്പോടെയാണ് രാജ് കമൽ ഫിലിംസ് സിനിമയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങിൽ പങ്കുവച്ചത്. മികച്ച ജനപ്രീയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രം കൂടിയാണ് പുഷ്പക വിമാനം. പല പേരുകളിലായാണ് 1987 ല്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആന്ധ്രയിലും കേരളത്തിലും പുഷ്പക വിമാനമെന്ന പേരിലെത്തിയ ചിത്രം കര്‍ണാടകയിൽ പുഷ്പക വിമാന എന്ന പേരിലാണ് എത്തിയത്. ഉത്തരേന്ത്യയില്‍ പുഷ്പക് എന്ന പേരിലും തമിഴ്നാട്ടില്‍ പേസും പടം എന്ന പേരിലുമായിരുന്നു റിലീസ്. കമലിനൊപ്പം സമീര്‍ ഖാഖര്‍, ടിനു ആനന്ദ്, കെ എസ് രമേശ്, അമല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് റീ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കല്‍കി 2898 എഡി, ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2, മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് അണിയറയിലൊരുങ്ങുന്ന കമൽ ഹാസന്റെ മറ്റ് പ്രോജക്ടുകൾ.