അന്തരിച്ച മലയാള നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് കമൽ ഹാസൻ. 'ഇന്ത്യൻ 2' വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് നെടുമുടി വേണുവിന്റെ ഓർമ്മകളെ പറ്റി കമൽ ഹാസൻ സംസാരിച്ചത്. നെടുമുടി വേണുവിനെ വേദിയിൽ മിസ്സ് ചെയ്യുന്നുവെന്ന് കമൽ ഹാസൻ പറഞ്ഞു. ഷൂട്ടിങ്ങിനിടയിൽ സുഖമില്ലാതായപ്പോൾ, സിനിമയുടെ ആഘോഷത്തിൽ കാണാമെന്ന് പറഞ്ഞിരുന്നുവെന്നും മലയാളത്തിൽ തനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് നെടുമുടി വേണുവെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. 1996 ൽ പുറത്തിറങ്ങിയ 'ഇന്ത്യനി'ൽ കൃഷ്ണസ്വാമി ഐ പി എസ് എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. 'ഇന്ത്യൻ 2' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ് മീറ്റിൽ, സംവിധായകൻ ശങ്കർ, കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്ന ഗോകുലം ഗോപാലൻ ,നടന്മാരായ സിദ്ധാർഥ് , ബോബി സിംഹ എന്നിവർ പങ്കെടുത്തു. ഒരു പ്രൊഡക്ടിന്റെ പേരിനു കീഴെ അതുണ്ടാക്കിയ സ്ഥലത്തിന്റെ പേരെഴുതുന്ന പോലെ ,എന്റെ പേരിന്റെ താഴെ 'മെയ്ഡ് ഇന്‍ കേരള' എന്നെഴുതിയാൽ തെറ്റില്ലെന്നും ഇന്ന് കാണുന്ന എന്നെ മെനഞ്ഞെടുത്തത് കേരളത്തിൽ നിന്നും ഉള്ള നിരൂപകരും ഗുരുക്കന്മാരും ആണെന്നും കമൽ ഹാസൻ പറഞ്ഞു.
കമൽ ഹാസൻ പറഞ്ഞത്:
ഞാൻ നെടുമുടി വേണുവിനെ മിസ്സ് ചെയ്യുന്നുണ്ട്. സിനിമ ചെയ്യുന്നതിനിടയിൽ സുഖമില്ലാതായപ്പോൾ സിനിമ മിസ്സാവുമെന്നു പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു സിനിമയുടെ ആഘോഷത്തിന് കാണാമെന്ന്. എന്റെ മനസ്സിൽ അയാളിവിടെ ഉള്ളപോലെ തോന്നുന്നു. സിനിമ ഡബ് ചെയ്യുമ്പോൾ അയാളവിടെ ഉള്ളത് പോലെയും ഇല്ലാത്ത പോലെയും അനുഭവപ്പെട്ടു. ഇതേ അനുഭവം സിനിമ കാണുമ്പോൾ നിങ്ങൾക്കുമുണ്ടാകും. ഇപ്പോൾ ഈ രംഗത്ത് നിൽക്കുന്നതുകൊണ്ടു പറയുകയല്ല. മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് നെടുമുടി വേണു. ഇന്ത്യൻ വൺ സമയത്തും ഞാൻ പറയുന്ന ഒരു സത്യമായിരുന്നു ഇത്.
1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.