കാവല്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവാണെന്ന് പ്രേക്ഷകര്‍. ചിത്രം ഇന്ന് (നവംബര്‍25) രാവിലെയോടെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണവും പുറത്തുവന്നിരിക്കുകയാണ്. സിനിമയെ കുറിച്ച് മിശ്ര അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ പങ്കുവെച്ചിരിക്കുന്നത്.
90 കളിലെ സുരേഷ് ഗോപി സിനിമകളെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് കാവലെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ക്കും ആക്ഷന്‍ സീനുകള്‍ക്കും മികച്ച പ്രതികരണമാണ് ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ആക്ഷന്‍ സീനുകളെക്കാളും ഇമോഷണല്‍ സീനുകളായിരുന്നു കൂടുതലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവ് തന്നെയാണ് കാവല്‍ എന്നതില്‍ പ്രേക്ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. സുരേഷ് ഗോപി ആരാധകരെ പോലെ തന്നെ കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ കാണാന്‍ സാധിക്കുന്ന സിനിമയാണ് കാവലെന്നാണ് പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
കാവല്‍ കേരളത്തില്‍ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാവല്‍'. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.