Film News

'ഇത്രയും ആളുകൾ കർത്താവിന് സ്തുതി പാടുമ്പോൾ അതിനൊരു പോസിറ്റീവ് എനർജി ഉണ്ടാകില്ലേ'; ബോഗയ്ന്‍വില്ലയിലെ ​ഗാനത്തെക്കുറിച്ച് ജ്യോതിർമയി

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല സിനിമയിലെ 'സ്തുതി' എന്ന ഗാനം ക്രൈസ്തവ ആചാരങ്ങളെ അപമാനിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി നടി ജ്യോതിർമയി. ഏതെങ്കിലും ഒരു മതവികാരത്തെ വ്രണപ്പെടുത്താൻ വേണ്ടിയുള്ള ഉദ്ദേശത്തോട് കൂടി ചെയ്ത ​ഗാനമല്ല സ്തുതി എന്നും സിനിമ കാണുമ്പോൾ പ്രേക്ഷകന് ഇക്കാര്യം വ്യക്തമായി മനസ്സിലാകുമെന്നും ജ്യോതിർമയി പറയുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ ഹീനമായി പരിഹസിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഗാനത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് മുമ്പ് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ക്രൈസ്തവ പ്രതീകങ്ങളെ അപമാനിച്ച് പോക്കറ്റ് നിറയ്ക്കാം എന്നാരും വിചാരിക്കേണ്ടെന്ന വിമർശനവുമായി ഫാദര്‍ റോയ് കണ്ണന്‍ചിറയും രം​ഗത്ത് എത്തിയിരുന്നു. എന്നാൽ എല്ലാ തരത്തിലും നല്ലത് മാത്രം ഉദ്ദേശിച്ച് ചെയ്തൊരു കാര്യത്തിൽ ഇത്തരത്തിൽ പഴി കേൾക്കേണ്ടി വരുമ്പോൾ സങ്കടമുണ്ടെന്ന് മീ‍ഡിയ വണ്ണിനോട് സംസാരിക്കവേ ജ്യോതിർമയി പറഞ്ഞു.

ജ്യോതിർമയി പറഞ്ഞത്:

അങ്ങനെ ഒരു മതവിഭാ​ഗത്തിനെയും വ്രണപ്പെടുത്താൻ വേണ്ടിയുള്ള ഉദ്ദേശത്തോട് കൂടി ചെയ്ത ഒരു പാട്ടല്ല അത്. ആളുകൾ അതിനെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ സിനിമ കണുമ്പോൾ അവർക്ക് കൃത്യമായി ഇത് എന്താണ് എങ്ങനെയാണ് എന്ന് മനസ്സിലാകും എന്നാണ് ഞാൻ വിചാരിക്കുന്നത്. അതിനെ അത്രയും ശുദ്ധമായ ഉദ്ദേശത്തോട് കൂടിയാണ് ഞങ്ങൾ സമീപിച്ചിരിക്കുന്നത്. ഇത്രയും ആളുകൾ കർത്താവിന് സ്തുതി പാടുമ്പോൾ അതിനൊരു പോസിറ്റീവ് എനർജിയുണ്ടാകും എന്നാണ് ഞാൻ വിചാരിക്കുന്നത്. എല്ലാ രീതിയിലും നല്ലത് മാത്രം ഉദ്ദേശിച്ച് നമ്മൾ ഒരു കാര്യം ചെയ്തിട്ട് അതിൽ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ കുറച്ചൊരു സങ്കടമുണ്ട്.

അതേ സമയം ശ്രദ്ധിച്ച് കേട്ടാല്‍ മാത്രം മനസ്സിലാകുന്ന പ്രണയഗാനമാണ് സ്തുതി എന്ന് ഗാനരചയിതാവ് വിനായക് ശശികുമാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. സാധാരണ ​തരത്തിലെ പ്രണയ ​ഗാനങ്ങളുടെ അവതരണമല്ല സ്തുതി എന്ന ​ഗാനത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത് എന്നും അതൊരു പരീക്ഷണ ​ഗാനമാണെന്നും വിനായക് ശശികുമാർ പറഞ്ഞു. ഈ ഗാനത്തിന്റെ രചനയ്ക്ക് മുന്‍കാല മാതൃകകളൊന്നും ഉണ്ടായിരുന്നില്ല എന്നും ആ പുതുമ ഗാനത്തിനുണ്ടെന്നും വിനായക് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

വിനായക് ശശികുമാർ പറഞ്ഞത്:

ഗാനത്തെക്കുെറിച്ച് പോസിറ്റീവ് പറയുന്നവരാണ് കൂടുതലും. ഇത്തരത്തിൽ ഒരു ആരോപണം വന്നത് കൊണ്ട് അത് തലക്കെട്ടായി മാറി എന്നത് മാത്രമാണ്. വളരെ മികച്ചൊരു നടിയാണ് ജ്യോതിർമയി. അവരുടെ ഒരു കം ബാക്ക് കൂടിയാണ് ഈ സിനിമ. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ , വീണ തുടങ്ങി നിവരവധി മികച്ച ആർട്ടിസ്റ്റുകളാണ് ഈ സിനിമയിൽ ഒത്തു ചേരുന്നത്. അമൽ നീരദിന്റെ വരത്തനും ഭീഷ്മ പർവ്വവുമൊക്കെ പ്രേക്ഷകർ വലിയ തരത്തിൽ ശ്രദ്ധിച്ച സിനിമകളാണ്. അദ്ദേഹത്തിന്റെ അടുത്ത സിനിമ എന്ന തരത്തിൽ ബോ​ഗയ്ൻ വില്ലയ്ക്കും ഏറെ പ്രതീക്ഷകളുണ്ട്. ഈ പാട്ട് എന്നത് ആവേശത്തിലെയോ ഭീഷ്മ പർവ്വത്തിലെയോ പോലെ ഇറങ്ങുന്ന ഉടനെ പോസ്റ്റീവ് അഭിപ്രായങ്ങൾ മാത്രമേ വരൂ എന്ന പ്രതീക്ഷയിൽ ചെയ്തതല്ല. സാധാരണ രീതിയിൽ ചെയ്ത ഒരു പാട്ടല്ല സ്തുതി. വരികൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ ഇതൊരു പ്രണയ ​ഗാനമാണ് എന്ന് പ്രേക്ഷകന് മനസ്സിലാവുകയുള്ളൂ. ഒരു പ്രണയ​ഗാനത്തിന്റെ അവതരണമല്ല ഈ ​ഗാനത്തിന്റേത്. സ്തുതിയിൽ സ്നേഹത്താൽ കൊന്ന് തരാനായി ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയുതിർക്കാം എന്നാണ് എഴുതിയിരിക്കുന്നത്. നിനക്ക് ഞാൻ ഒരു ഉമ്മ തരാം എന്നാണ് അതിന്റെ ശരിക്കുമുള്ള അർത്ഥം. അത്തരത്തിൽ ഒരു പരീക്ഷണ ​ഗാനമാണ് ഇത്, ഈ പാട്ടിന് ഒരു മുൻകാല മാതൃകയുണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു പുതിയ പ്രൊഡക്ട് നമ്മൾ പ്രേക്ഷകരിലേക്ക് കൊണ്ടു വരുമ്പോൾ ആ പുതുമ കൊണ്ട് തന്നെ കേൾവിക്കാരന് അത് ഇഷ്ടപ്പെടാൻ ഒന്നിലധികം തവണ തന്നെ കേൾക്കേണ്ടി വരും. അത് പ്രതീക്ഷിച്ച് തന്നെയാണ് ഇത് ചെയ്തത്. പക്ഷേ ​ഗാനം പുറത്തു വന്നപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഒന്നിലധികം തവണ കേട്ടതിന് ശേഷം പോസ്റ്റീവ് റെസ്പോൺസ് പറഞ്ഞവരും ആ കൂട്ടത്തിലുണ്ട്. അതിൽ സന്തോഷമുണ്ട്.

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

SCROLL FOR NEXT